ഇസ്രഈലില്‍ പന്ത് അറബ് പാര്‍ട്ടിയുടെ കോര്‍ട്ടില്‍; ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിക്കായി പിടിവലിയുമായി നേതാക്കള്‍
World News
ഇസ്രഈലില്‍ പന്ത് അറബ് പാര്‍ട്ടിയുടെ കോര്‍ട്ടില്‍; ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിക്കായി പിടിവലിയുമായി നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th March 2021, 3:03 pm

ടെല്‍അവീവ്: ഇസ്രഈലില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ നിര്‍ണായകമാകുക അറബ് പാര്‍ട്ടിയായ റാമിന്റെ നിലപാടുകളെന്ന് സൂചന. ബെഞ്ചമിന്‍ നെതന്യാഹൂവിന്റെ ലിക്കുഡ് പാര്‍ട്ടിക്കുള്‍പ്പെടെ പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ലഭിക്കില്ലെന്ന് സൂചന പുറത്തുവന്നതിന് പിന്നാലെയാണ് അറബ് പാര്‍ട്ടിയായ റാമിനെ സഖ്യത്തില്‍ ചേര്‍ക്കാന്‍ ഇസ്രഈലിലെ മുഖ്യധാര പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.

ഇസ്രഈലിലെ റിലീജയസ് സയണിസ്റ്റ് പാര്‍ട്ടി നേതാവ് എം.കെ ബെസേലല്‍ സ്‌മോട്ട്‌റിച്ച് ഇതിനോടകം തന്നെ റാം പാര്‍ട്ടിയുമായി സംസാരിച്ചു. റാമിനെ സയണിസ്റ്റ് സഖ്യത്തിലെത്തിക്കാനാണ് സമോട്ട്‌റിച്ചിന്റെ ശ്രമം. മറുവശത്ത് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയും റാമിനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നുണണ്ട്.

അതേസമയം അറബ് ഇസ്‌ലാമിസ്റ്റ് റാം പാര്‍ട്ടി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ചേരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ റാം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ടി.വി ചാനലുകള്‍ പുറത്തുവിട്ട സര്‍വ്വേയിലും ഇസ്രഈലില്‍ തൂക്ക് മന്ത്രി സഭയായിരിക്കും എന്നാണ് പറയുന്നത്. ചാനല്‍ 11, 12, 13 എന്നിവയുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഒരേ സ്വഭാവം പുലര്‍ത്തുന്നതാണ്. 120 അംഗ ഇസ്രഈലി പാര്‍ലമെന്റില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 53-54 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ വേണം. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 59 സീറ്റുകള്‍ വരെ ലഭിക്കുമെന്ന പ്രവചനം നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

രണ്ട് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ഇസ്രഈല്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നേരിടുന്നത്.നെതന്യാഹുവിനും അദ്ദേഹത്തിന്റെ വലതുപക്ഷ പാര്‍ട്ടിയായ ലികുഡിനും കേവല ഭൂരിപക്ഷമായ 61 സീറ്റിലേക്ക് എത്താന്‍ അല്‍പ്പം വിയര്‍ക്കേണ്ടിവരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Israel Elections Political parties seeks support of  Islamist party Ra’am