ടെല്‍ അവീവ്: പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബെര്‍ഗിനെയും 170 ഫ്‌ലോട്ടില്ല പോരാളികളെയും നാടുകടത്തി ഇസ്രഈല്‍. ഗ്രീസിലേക്കുള്ള വിമാനത്തിലാണ് ഇവരെ കയറ്റിയയച്ചത്. ഇതോടെ ഇസ്രഈലില്‍ നിന്ന് നാടുകടത്തിയ പോരാളികളുടെ എണ്ണം 341 ആയി.
ഇന്ന് 28 ഫ്രഞ്ച് പൗരന്മാരെയും 27 ഗ്രീക്കുകാരെയുമാണ് നാടുകടത്തിയത്. 15 ഇറ്റാലിയന്‍ ആക്റ്റിവിസ്റ്റുകളും ഒമ്പത് സ്വീഡിഷ് പ്രവര്‍ത്തകരും നാടുകടത്തിയവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം നാടുകടത്തപ്പെട്ടവരിൽ ഗ്രീസ്, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, സ്വീഡന്‍, പോളണ്ട്, ജര്‍മനി, ബള്‍ഗേറിയ, ലിത്വാനിയ, ഓസ്ട്രിയ, ലക്‌സംബര്‍ഗ്, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്ലൊവാക്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, യു.കെ, സെര്‍ബിയ, അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാരുണ്ടെന്ന് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രഈല്‍ കസ്റ്റഡിയിലുള്ള പൗരന്മാരെ തിരിച്ചെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഇറ്റലി, ഫ്രാന്‍സ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
ഇന്നലെ (ഞായര്‍) 21 സ്പെയ്ന്‍ പൗരന്മാരെയും ഇസ്രഈല്‍ നാടുകടത്തി. 28 സ്പാനിഷ് പൗരന്മാര്‍ ഇപ്പോഴും ഇസ്രഈലിന്റെ കസ്റ്റഡിയില്‍ തുടരുന്നതായാണ് വിവരം. രണ്ട് ഫ്രഞ്ച് പൗരന്മാരും കസ്റ്റഡിയില്‍ തുടരുന്നുണ്ട്.
ഗസയിലേക്ക് മാനുഷിക സഹായവുമായി സ്‌പെയ്ന്‍ നഗരമായ ബാഴ്സലോണയില്‍ നിന്ന് തിരിച്ച ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയുടെ 44 കപ്പലുകളും 470ലധികം ആക്ടിവിസ്റ്റുകളെയുമാണ് ഇസ്രഈല്‍ കസ്റ്റഡിയിലെടുത്തത്.
നിലവില്‍ കസ്റ്റഡിയില്‍ തുടരുന്ന ഫ്‌ലോട്ടില്ല പോരാളികളെ കെറ്റ്‌സിയോട്ട് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഈ ജയിലിനെ സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
അതേസമയം ഫ്‌ലോട്ടില്ല കപ്പലുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റുകളോട് ക്രൂരമായാണ് ഇസ്രഈല്‍ സൈന്യം പെരുമാറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കസ്റ്റഡിയിലിരിക്കെ വൃത്തിയുള്ള ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നും വൃത്തിഹീനമായ ചുറ്റുപാടിലാണ് താമസിപ്പിച്ചതെന്നുമാണ് തുര്‍ക്കിയിലേക്ക് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റുകള്‍ വെളിപ്പെടുത്തിയത്.
ഇസ്രഈല്‍ സൈനികര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന മരുന്നുകള്‍ പിടിച്ചെടുക്കുകയും കുരങ്ങുകളെ പോലെയാണ് ആക്ടിവിസ്റ്റുകളെ കൈകാര്യം ചെയ്തതെന്നും ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ സാവേരിയോ ടൊമാസി പറഞ്ഞു.