ഗസയിലെ മൂന്ന് ഭാഗങ്ങളില്‍ ദിവസേന 10 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രഈല്‍
Trending
ഗസയിലെ മൂന്ന് ഭാഗങ്ങളില്‍ ദിവസേന 10 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th July 2025, 6:08 pm

ഗസ: അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ഗസയുടെ വിവിധ ഭാഗങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രഈല്‍. അല്‍ മവാസി, ഡെയിര്‍ അല്‍ ബലാഹ്, ഗസ സിറ്റി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെ ആക്രമണങ്ങള്‍ നടത്തില്ലെന്നാണ് ഇസ്രഈല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് (ഞായറാഴ്ച്ച) മുതല്‍ രാവിലെ ആറിനും രാത്രി 12നും ഇടയില്‍ ഭക്ഷണവും മരുന്നും എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ക്കായി സുരക്ഷിതമായ വഴികള്‍ ഒരുക്കി നല്‍കുമെന്നും ഇസ്രഈല്‍ സൈന്യം അറിയിച്ചു.

ഗസയിലെ യുദ്ധത്തില്‍ പട്ടിണിയേയും ഒരായുദ്ധമായി ഉപയോഗിക്കുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹങ്ങളില്‍ നിന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ പ്രഖ്യാപനം.

അതേസമയം ഗസയില്‍ പട്ടിണി കാരണം അഞ്ച് പേര്‍ കൂടി മരണപ്പെട്ടു. ഇസ്രഈല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 127 ഫലസ്തീനികള്‍ പട്ടിണി കിടന്ന് മരിച്ചതായാണ് ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 85 പേര്‍ കുട്ടികളായിരുന്നു.

വെടിനിര്‍ത്തല്‍ നിശബ്ദത പാലിക്കാനുള്ള സമയമല്ലെന്നും മറിച്ച് ജീവനോടെ അവശേഷിക്കുന്നവരെ രക്ഷിക്കാനുള്ള സമയമാണെന്നും ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഡോ. മുനീര്‍ അല്‍-ബര്‍ഷ് പ്രസ്താവനയില്‍ പറഞ്ഞു.

 ശസ്ത്രക്രിയകളും ചികിത്സകളും ആവശ്യമായ രോഗികളെ അടിയന്തരമായി ഒഴിപ്പിക്കണമെന്നും കുട്ടികള്‍ക്ക് ബേബി ഫോര്‍മുലകള്‍ ലഭ്യമാക്കണമെന്നും ആന്റിബയോട്ടിക്കുകള്‍, മറ്റ് സപ്ലിമെന്റുകള്‍ എന്നിവ ലഭ്യമാക്കണമെന്നും ഡോ. അല്‍ ബര്‍ഷ് പറഞ്ഞു.

ജോര്‍ദാന്റേയും യു.എ.ഇയുടേയും നേതൃത്വത്തില്‍ 25 ടണ്‍ സാധനങ്ങള്‍ പാരച്ചൂട്ടുകള്‍ വഴി ഗസയില്‍ എത്തിച്ചിട്ടുണ്ട്. മാസങ്ങള്‍ നീണ്ട് നിന്ന ഉപരോധത്തിന് ശേഷമാണ് ഇത്തരത്തില്‍ സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നതെന്ന് ജോര്‍ദാനിയന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹമാസ് ഇസ്രഈലി ബന്ദികളെ ഡെയ്ര്‍ അല്‍ ബലായില്‍ ആണ് ഒളിവില്‍ താമസിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഡെയ്ര്‍ അല്‍ ബലായില്‍ ഇസ്രഈല്‍ ആക്രമണം നടത്തുന്നതില്‍ നേരിയ തോതില്‍ ഇളവ് നല്‍കിയിരുന്നു. ഗസയില്‍ ഇനിയും 50 ബന്ദികള്‍ ഉണ്ടെന്നാണ് കണക്കുകൂട്ടല്‍. ഇവരില്‍ 20 ഓളം പേര്‍ ഇപ്പോഴും ജീവനോടെയുണ്ട്.

ഉപരോധത്തിന് അയവ് വന്നതോട് കൂടി ഞായറാഴ്ച്ച മുതല്‍ ഗസയിലേക്ക് 100 ട്രക്കുകളിലായി 1200 മെട്രിക് ടണ്‍ ഭക്ഷണസാധനങ്ങള്‍ കൊടുത്തയക്കുമെന്ന് ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് അറിയിച്ചു. കരേം ഷാലോം ക്രോസിങ് വഴിയായിരിക്കും ഇതെത്തിക്കുക.

മാര്‍ച്ച് രണ്ടിന് ഇസ്രഇല്‍ ഗസയുടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിരുന്നു. അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍, ബേബി ഫോര്‍മുല, കുടിവെള്ളം എന്നിവയുള്‍പ്പെടെ ഗസയിലേക്കുള്ള എല്ലാ സഹായങ്ങളും വിതരണങ്ങളും അവര്‍ നിര്‍ത്തിവച്ചു. പിന്നീട് അന്താരാഷ്ട്ര സമ്മര്‍ദത്തിന് പിന്നാലെ വളരെ കുറച്ച് ഭക്ഷ്യ വസ്തുക്കള്‍ മാത്രം കടത്തിവിട്ടിരുന്നു. എന്നാല്‍ ഇതൊട്ടും പര്യാപ്തമല്ലെന്നാണ് യു.എന്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട ഏജന്‍സികള്‍ പറഞ്ഞിരുന്നത്‌.

മെയ് മാസത്തിലെ കണക്കനുസരിച്ച് ഗസയില്‍ ഏകദേശം അരലക്ഷം ആളുകള്‍ അതിഭീകരമായ പട്ടിണി നേരിടുന്നുണ്ടെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐ.പി.സി) റിപ്പോര്‍ട്ട് ചെയ്തിരുന്നത്‌.

Content Highlight: Israel declares daily 10-hour military pauses in three areas of Gaza