മുഹമ്മദ് സിന്‍വാറെ വധിച്ചത് ഇസ്രഈല്‍ സൈന്യം; സ്ഥിരീകരിച്ച് നെതന്യാഹു
World News
മുഹമ്മദ് സിന്‍വാറെ വധിച്ചത് ഇസ്രഈല്‍ സൈന്യം; സ്ഥിരീകരിച്ച് നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th May 2025, 8:54 pm

ടെല്‍ അവീവ്: മുതിര്‍ന്ന ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറെ വധിച്ചത് ഇസ്രഈല്‍ സൈന്യം തന്നെയാണെന്ന് സ്ഥിരീകരിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ന് (ബുധനാഴ്ച) പാര്‍ലമെന്റില്‍ സംസാരിക്കവെ ഇസ്രഈല്‍ സൈന്യം സിന്‍വാറെ കൊലപ്പെടുത്തിയെന്ന് നെതന്യാഹു അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് മുഹമ്മദ് സിന്‍വാറെ ഇസ്രഈല്‍ വധിച്ചതായി അവകാശപ്പെട്ടിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്.

കഴിഞ്ഞ വര്‍ഷം ഇസ്രഈല്‍ മുന്‍ ഹമാസ് തലവനായ യഹ്യ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സഹോദരനായ മുഹമ്മദ് സിന്‍വാറിനെ പുതിയ ഹമാസ് നേതാവായി ചുമതലയേറ്റത്‌.

മുഹമ്മദ് സിന്‍വാറിന്റെ മൃതദേഹം കണ്ടെടുത്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നില്ല. മുഹമ്മദ് സിന്‍വാറിന് പുറമെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കണക്കാക്കിയിരുന്ന റഫ ബ്രിഗേഡ് തലവന്‍ മുഹമ്മദ് ഷബാനയുള്‍പ്പെടെ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമണം നടന്ന സമയത്ത് രണ്ട് ഹമാസ് നേതാക്കളും ഒരുമിച്ചായിരുന്നു എന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മെയ് 13 ന് നടന്ന ഇസ്രഈല്‍ ആക്രമണത്തിലാണ് സിന്‍വാര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. യഹ്യ സിന്‍വാറിന്റെ മരണത്തിന് പിന്നാലെയാണ് ഗസസയിലെ സൈനിക വിഭാഗത്തിന്റെയും രാഷ്ട്രീയ കമാന്‍ഡിന്റെയും ചുമതല മുഹമ്മദ് സിന്‍വാര്‍ ഏറ്റെടുത്തത്. മുഹമ്മദ് ഇബ്രാഹിം ഹസ്സന്‍ സിന്‍വര്‍ എന്നാണ് മുഴുവന്‍ പേര്.

ഗസയിലെ ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു മുഹമ്മദ് സിന്‍വാറിന്റെ ജനനം. 2024 ഒക്ടോബറിലെ ആക്രമണത്തിലാണ് ഹമാസ് നേതാവായ യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിലെ പ്രത്യാക്രമണത്തിലെ മുഖ്യസൂത്രധാരനായിരുന്നു യഹ്യ സിന്‍വാര്‍. ഒക്ടോബര്‍ ഏഴ് മുതല്‍ സിന്‍വാറായിരുന്നു ഗസയില്‍ നിന്ന് കൊണ്ട് യുദ്ധത്തെ നയിച്ചിരുന്നത്.

ഹമാസിന്റെ മറ്റു നേതാക്കളെല്ലാം വിദേശത്തും മറ്റും ആയിരുന്നപ്പോഴും സിന്‍വാറായിരുന്നു ഗസയില്‍ നിന്ന് കൊണ്ട് യുദ്ധം നയിച്ചിരുന്നത്. 2024 ജൂലെ 31ന് ഹമാസിന്റെ മേധാവിയായിരുന്ന ഇസ്മായില്‍ ഹനിയ ഇറാനില്‍ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യഹ്യ സിന്‍വാര്‍ ഹമാസിന്റെ നേതൃത്വം ഏറ്റെടുത്തത്.

Content Highlight: Israel confirms Hamas senior leader Mohmmad Sinwar’s death