ഗസ: ഗസയിൽ ഇസ്രഈൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിക്കുന്നെന്ന് ഗസ ഗവൺമെന്റ് മീഡിയ ഓഫീസ് റിപ്പോർട്ട്. 44 ദിവസത്തിനുള്ളിൽ ഇസ്രഈൽ ഏകദേശം 500 തവണ ഗസയിൽ വെടിനിർത്തൽ ലംഘിച്ചെന്നും നൂറുലധികംപേരെ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾ മൂലമുണ്ടാകുന്ന മാനുഷികവും സുരക്ഷാപരവുമായ പ്രത്യാഘാതങ്ങൾക്ക് ഇസ്രഈൽ പൂർണ ഉത്തരവാദിയാണെന്നും റിപ്പോർട്ടിൽ പറയുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്,
ഇസ്രഈൽ തുടർച്ചയായി നടത്തുന്ന വെടിനിർത്തൽ കരാറിനെ ശക്തമായി അപലപിക്കുന്നെന്നും ഈ ലംഘനങ്ങൾ അന്താരാഷ്ട്ര മാനുഷിക കരാറുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഗസ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ പ്രസ്താവനയിൽ പറഞ്ഞു.
വെടിനിർത്തലിന് ശേഷവും ഇസ്രഈൽ ആക്രമണത്തിൽ 67 ഫലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടെന്ന് യുണിസെഫ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ ഗസയിലേക്കുള്ള ആവശ്യ സഹായങ്ങളുടെ നിയന്ത്രണവും ഇസ്രഈൽ തുടരുന്നുണ്ട്.
ഒക്ടോബർ 10 മുതൽ ഇസ്രഈലി സൈന്യം നടത്തിയ നിയമലംഘനങ്ങളിൽ സാധാരണക്കാരെയും വീടുകളെയും ടെന്റുകളെയും ലക്ഷ്യമിട്ട് 142 വെടിവയ്പ്പുകൾ നടന്നെന്ന് അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്‌തിരുന്നു.
ഇസ്രഈലിന്റെ ആക്രമണത്തിൽ വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികൾ വഷളാകുന്നുണ്ടെന്നും ഫലസ്തീനികളുടെ മരണനിരക്കും കുടിയിറക്കവും വർധിക്കുന്നുണ്ടെന്നും ഐക്യരാഷ്ട സഭ മുന്നറിയിപ്പ് നൽകിയിരുന്നു.
നവംബർ 11 മുതൽ 17 വരെ വെസ്റ്റ് ബാങ്കിൽ ഇസ്രഈൽ 29 ആക്രമണങ്ങൾ നടത്തിയെന്ന് ഓഫീസ് ഓഫ് ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ് (OCHA) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് യു.എൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞിരുന്നു.
ഇതിൽ 11 പേർക്ക് പരിക്കേൽക്കുകയും 10 വീടുകൾ, രണ്ട് പള്ളികൾ, രണ്ട് ഡസൻ വാഹനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
Content Highlight: Israel committed nearly 500 ceasefire violations in Gaza in 44 days: Report