ഗസ: ഗസ സിറ്റിയിലെ ഏക കത്തോലിക്കന്‍ ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ചിന് നേരെ ഇസ്രഈലിന്റെ ബോംബാക്രമണം. ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ലാറ്റിന്‍ പാട്രിയാര്‍ക്കേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. വൃദ്ധരുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റവരെ അല്‍-അഹ്‌ലി അറബ് ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ഇന്ന് രാവിലെ ഹോളി ഫാമിലി കോമ്പൗണ്ടില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ ഒരു ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു,’ പാട്രിയാര്‍ക്കേറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
പരിക്കേറ്റവരില്‍ ഇടവക വികാരി ഫാദര്‍ ഗബ്രിയേല്‍ റൊമാനെല്ലിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഹോളി ഫാമിലി ചര്‍ച്ചിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പാട്രിയാര്‍ക്കേറ്റ് നേരത്തെ പറഞ്ഞിരുന്നു.
സംഭവത്തില്‍ വത്തിക്കാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഇസ്രഈലിനെ വിമര്‍ശിച്ചു.
‘മാസങ്ങളായി ഇസ്രഈല്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ അംഗീരിക്കാനാവില്ല. ഇത്തരമൊരു സൈനിക നടപടിയെ ന്യായീകരിക്കാന്‍ കഴിയില്ല,’ മെലോണി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ദേവാലയത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഇസ്രഈല്‍ സേന ദുഖം രേഖപ്പെടുത്തി.
‘ഇസ്രഈല്‍ ഒരിക്കലും ദേവാലയങ്ങളേയോ മതപരമായ സ്ഥലങ്ങളെയോ ലക്ഷ്യം
വെക്കില്ല, സാധാരണക്കാര്‍ക്ക് ഏതെങ്കിലുംതരത്തിലുള്ള ദോഷം വരുത്തിയതില്‍ ഖേദിക്കുന്നു,’ ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പറഞ്ഞു.
അതേസമയം ഫലസ്തീനെതിരെ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 60,200 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. കൊല്ലപ്പെട്ടവരില്‍ 70 ശതമാനത്തോള സ്ത്രീകളും കുട്ടികളുമാണ്. ഗസാ മുനമ്പിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്.
Content Highlight: Israel bombs On Gaza’s only Catholic church