വെടിനിർത്തൽ കരാർ പ്രാബല്യത്തിലിരിക്കെ ഗസയിലേക്കുള്ള മാനുഷിക സഹായം തടഞ്ഞ് ഇസ്രഈൽ
World
വെടിനിർത്തൽ കരാർ പ്രാബല്യത്തിലിരിക്കെ ഗസയിലേക്കുള്ള മാനുഷിക സഹായം തടഞ്ഞ് ഇസ്രഈൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th October 2025, 2:48 pm

ഗസ: വെടിനിർത്തൽ കരാർ പ്രാബല്യത്തിലിരിക്കെ ഗസയിലേക്കുള്ള മാനുഷിക സഹായവും തടഞ്ഞ് ഇസ്രഈൽ. ഗസയിലേക്കുള്ള സഹായ ട്രക്കുകളുടെ പകുതി എണ്ണം മാത്രമേ ഇനി അനുവദിക്കൂയെന്നും ഇസ്രഈൽ പറഞ്ഞു.

സമാധാന പദ്ധതിയിൽ ലോക രാജ്യങ്ങൾ ഒപ്പുവെച്ചതിന് പിന്നാലെ ഗസ നഗരത്തിൽ ഇസ്രഈൽ ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നഗരത്തിലെ ഷുജായയിൽ ഇസ്രഈൽ സൈന്യം അഞ്ച് ഫലസ്തീനികളെ കൊല്ലപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിനുപിന്നാലെ ഇസ്രഈൽ ഗസയിലേക്കുള്ള മാനുഷിക സഹായം തടഞ്ഞിരിക്കുകയാണ്.

അതേസമയം ഗസയിലെ വെസ്റ്റ് ബാങ്കിൽ അൽ മുഗയ്യിർ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടം ഇസ്രഈൽ സൈന്യം അടച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഫലസ്തീനികൾ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിനോ പുറത്തുപോകുന്നതിനോ അനുവദിക്കാതെയാണ് കവാടം അടച്ചിരിക്കുന്നതെന്നും അൽ-മുഗയ്യിർ കൗൺസിൽ മേധാവി അമിൻ അബു ആലിയ വഫ വാർത്താ ഏജൻസിയോട് പറഞ്ഞു.

ഗസ യുദ്ധം ആരംഭിച്ചപ്പോൾ കിഴക്കൻ പ്രവേശന കവാടം അടച്ചതിന് ശേഷമുള്ള അൽ മുഗയ്യിർ ഗ്രാമത്തിലേക്കുള്ള ഏക കവാടമാണിത്.

അതേസമയം ഖാൻ യൂനിസിന് കിഴക്കുള്ള ബാനി സുഹൈല പട്ടണത്തിലും ഷെയ്ഖ് നാസർ പരിസരത്തും ഇസ്രായേലി ടാങ്കുകൾ ഫലസ്തീനികൾക്കെതിരെ വെടിയുതിർത്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഹമാസ് നാല് ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രഈലിന് കൈമാറി . റെഡ്ക്രോസ് വഴി കൈമാറിയ മൃതദേഹങ്ങളിൽ മൂന്നുപേരെ തിരിച്ചറിഞ്ഞതായി ഇസ്രഈലി പ്രതിരോധ സേന അറിയിച്ചു.

ഐ.ഡി.എഫ് കസ്റ്റഡിയിലായിരുന്ന 45 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രഈലും വിട്ടുകൊടുത്തതായി റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ഈജിപ്തിലെ ഷാം എൽ ഷെയ്‌ഖിൽ ഗസ വെടിനിർത്തൽ കരാറിൽ ലോക രാജ്യങ്ങൾ ഒപ്പുവെച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം വാഗ്ദാനം ചെയ്തതിന് ശേഷവും ഇസ്രഈൽ ആക്രമണം തുടരുകയാണ്.

Content Highlight: Israel blocks humanitarian aid to Gaza despite ceasefire agreement