ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കുന്നത് തടയും; കോടതി വിധി നിലനില്‍ക്കെ റെഡ് ക്രോസിന് നിയന്ത്രണങ്ങളുമായി ഇസ്രഈല്‍
World News
ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കുന്നത് തടയും; കോടതി വിധി നിലനില്‍ക്കെ റെഡ് ക്രോസിന് നിയന്ത്രണങ്ങളുമായി ഇസ്രഈല്‍
ആദർശ് എം.കെ.
Monday, 13th July 2026, 10:00 pm

ടെല്‍ അവീവ്: ഫലസ്തീന്‍ തടവുകാരെ റെഡ് ക്രോസ് സന്ദര്‍ശിക്കുന്നത് തടയാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഇസ്രഈല്‍ ജയില്‍ അധികൃതര്‍. ഈ വിലക്ക് നിയമവിരുദ്ധമാണെന്ന ഇസ്രാഈല്‍ ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് ഈ പുതിയ നീക്കം.

കോടതി ഉത്തരവ് മറികടന്ന്, റെഡ് ക്രോസിനുള്ള ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിക്കൊണ്ടുള്ള നിര്‍ദേശം ഇസ്രഈയല്‍ പ്രിസണ്‍ സര്‍വീസ് കമ്മീഷണര്‍ കോബി യാക്കോബിയാണ് കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ചത്

ചില പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ട ഫലസ്തീന്‍ തടവുകാരെ കാണുന്നതില്‍ നിന്ന് റെഡ് ക്രോസിനെ പുതിയ ഉത്തരവിലൂടെ പൂര്‍ണമായും വിലക്കിയിട്ടുണ്ട്.

‘അങ്ങേയറ്റം അക്രമാസക്തര്‍’ എന്ന് ജയില്‍ അധികൃതര്‍ തരംതിരിച്ചിട്ടുള്ളവര്‍, ഏകാന്ത തടവില്‍ കഴിയുന്നവര്‍, ചോദ്യം ചെയ്യലിന് വിധേയരായിക്കൊണ്ടിരിക്കുന്നവര്‍ എന്നിവരെ കാണാന്‍ ഒരു സാഹചര്യത്തിലും റെഡ് ക്രോസിന് അനുമതി നല്‍കില്ല.

നിലവില്‍ അനുവദനീയമായ സന്ദര്‍ശനങ്ങളുടെ സമയം വെറും 30 മിനിറ്റായി പരിമിതപ്പെടുത്തി. കൂടാതെ, ജയില്‍ കമാന്‍ഡര്‍മാര്‍ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് ഈ സമയം ഇനിയും വെട്ടിച്ചുരുക്കാന്‍ അധികാരമുണ്ടാകും.

പുതിയ നിയമപ്രകാരം, മൂന്ന് മാസത്തിലൊരിക്കല്‍ മാത്രമേ സന്ദര്‍ശനം അനുവദിക്കൂ.

സന്ദര്‍ശനത്തിന് മുമ്പായി റെഡ് ക്രോസ് തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന പരമാവധി അഞ്ച് തടവുകാരുടെ പട്ടിക മുന്‍കൂട്ടി ജയില്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും വേണം.

2023 ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണങ്ങള്‍ക്ക് പിന്നാലെ ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് റെഡ് ക്രോസിനെ ഇസ്രഈല്‍ പൂര്‍ണമായി വിലക്കിയിരുന്നു. എന്നാല്‍, ഈ വിലക്ക് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഇസ്രഈല്‍ ഹൈക്കോടതി ഓഫ് ജസ്റ്റിസ്, സന്ദര്‍ശനം എത്രയും വേഗം പുനരാരംഭിക്കാന്‍ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

ഈ ജുഡീഷ്യല്‍ ഉത്തരവിനെ അട്ടിമറിക്കാനും നിയമപരമായ ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞുമാറാനുമാണ് ജയില്‍ അധികൃതര്‍ ഇപ്പോള്‍ ആഭ്യന്തര നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്നത്.

റെഡ് ക്രോസിന്റെ ജയില്‍ സന്ദര്‍ശനം ഔദ്യോഗികമായി നിരോധിക്കാനുള്ള ഒരു ബില്‍ കഴിഞ്ഞ മാസം ഇസ്രഈല്‍ പാര്‍ലമെന്റില്‍ (നെസെറ്റ്) അവതരിപ്പിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയാണുണ്ടായത്.

ഭരണസഖ്യത്തിലെ അള്‍ട്രാ ഓര്‍ത്തഡോക്‌സ് കക്ഷികള്‍ മറ്റ് രാഷ്ട്രീയ തര്‍ക്കങ്ങളെ തുടര്‍ന്ന് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതോടെയാണ് 41നെതിരെ 36 വോട്ടുകള്‍ക്ക് ബില്‍ തള്ളപ്പെട്ടത്.

പാര്‍ലമെന്റില്‍ നിയമനിര്‍മാണം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇസ്രഈല്‍ പ്രിസണ്‍ സര്‍വീസ് സ്വന്തം നിലയില്‍ കര്‍ശനമായ ആഭ്യന്തര ചട്ടങ്ങള്‍ നടപ്പിലാക്കുന്നത്.

തങ്ങള്‍ നിയമപരമായ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇസ്രഈല്‍ പ്രിസണ്‍ സര്‍വീസിന്റെ ഔദ്യോഗിക വിശദീകരണം.

എന്നാല്‍, അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് തടവുകാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിലും റെഡ് ക്രോസിന് അനുമതി നിഷേധിക്കുന്നതിലും അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

 

Content Highlight:  Israel blocked the Red Cross from visiting Palestinian prisoners, disregarding the court ruling.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.