അല്‍-അഖ്സയിലേക്കുള്ള പ്രവേശനം നിരോധിച്ച് ഇസ്രഈല്‍; പള്ളിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമമെന്ന് ആശങ്ക
World News
അല്‍-അഖ്സയിലേക്കുള്ള പ്രവേശനം നിരോധിച്ച് ഇസ്രഈല്‍; പള്ളിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമമെന്ന് ആശങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th June 2025, 9:29 pm

വെസ്റ്റ്ബാങ്ക്: അല്‍ അഖ്സയിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം ഇസ്രഈല്‍ പൂര്‍ണമായി തടഞ്ഞതായി റിപ്പോര്‍ട്ട്. ഇറാനില്‍ ഇസ്രഈല്‍ ആരംഭിച്ച ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അല്‍ അഖ്‌സയിലേക്കുള്ള പ്രവേശനം പൂര്‍ണമായും തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

വെള്ളിയാഴ്ചയിലെ പ്രഭാത പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇസ്രഈല്‍ സൈന്യം പള്ളിയിലേക്ക് കടന്ന് കയറുകയും അവിടെ ഉണ്ടായിരുന്ന വിശ്വാസികളെ ഒഴിപ്പിച്ചതായും ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ മറവില്‍ അല്‍-അഖ്സയില്‍ കൂടുതല്‍ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രഈലിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ വിലക്കെന്നും ആശങ്കകളുണ്ട്.

ഇക്കാര്യം ജെറുസലേമിലെ ഇസ്‌ലാമിക് വഖഫിലെ നയതന്ത്രം, ടൂറിസം എന്നിവ കൈകാര്യം ചെയ്യുന്ന ഡയറക്ടര്‍ ഔണ്‍ ബസ്ബാസും പങ്കുവെച്ചിട്ടുണ്ട്. ആരാധനാലയം എപ്പോള്‍ വീണ്ടും തുറക്കുമെന്ന് തങ്ങള്‍ക്ക് ഒരു ഉറപ്പും ലഭിച്ചിട്ടില്ല എന്നും ഈ അനിശ്ചിതത്വം സംശയാസ്പദമാണെന്നും അദ്ദേഹം പ്രതികരിച്ചു.

’20 വര്‍ഷത്തിലേറെയായി, അവര്‍ പള്ളിയെ സമയത്തിന്റെയും സ്ഥലത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആ പദ്ധതിയുടെ 99% ഇപ്പോള്‍ നടപ്പിലാക്കിയിട്ടുണ്ട്. പകല്‍ സമയം മുഴുവന്‍ റെയ്ഡുകള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വേണ്ടിയുള്ളതാണ്. ഇത് സാധാരണമായി മാറിയിരിക്കുന്നു,’ ബസ്ബസ് പറഞ്ഞു.

മുസ്‌ലിം സമുദായത്തിന്റെ മൂന്നാമത്തെ പുണ്യഭൂമിയായി അറിയപ്പെടുന്ന പ്രദേശമാണ് അല്‍ അഖ്സ. 2003 മുതല്‍ അല്‍ അഖ്‌സയിലേക്കുള്ള ഇസ്രഈലി കടന്നുകയറ്റം 18,000 ശതമാനത്തിലധികം വര്‍ധിച്ചതായി വഖഫ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇസ്രഈലി കുടിയേറ്റക്കാരെ പ്രവേശിക്കാന്‍ ഇസ്രഈല്‍ അധികാരികള്‍ അനുമതി നല്‍കിയതോടെയാണ് അല്‍-അഖ്‌സയുടെ കോമ്പൗണ്ടില്‍ ഇസ്രഈലി കുടിയേറ്റക്കാരുടെ കടന്നുകയറ്റം വര്‍ധിച്ചത്. വഖഫ് ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം, 2003ല്‍ അല്‍ അഖ്സയിലെ മുഘ്‌റാബി ഗേറ്റ് വഴി 289 ജൂത കുടിയേറ്റക്കാരാണ് അല്‍-അഖ്‌സയില്‍ പ്രവേശിച്ചത്. അതിനുശേഷം, വര്‍ഷം തോറും എണ്ണം ക്രമാതീതമായി വര്‍ധിച്ചു. 2020ല്‍ കൊവിഡിന്റെ സമയത്ത് മാത്രമാണ് ഇത് അല്‍പമെങ്കിലും കുറഞ്ഞത്. ആ വര്‍ഷം അത് 18,562 ആയിരുന്നു.

പുതിയ കണക്കുകള്‍ പ്രകാരം, 2024ല്‍ 53,488 ഇസ്രഈലി കുടിയേറ്റക്കാര്‍ അല്‍ അഖ്‌സയില്‍ പ്രവേശിച്ചത്. 2003നെ അപേക്ഷിച്ച് 18,507 ശതമാനം വര്‍ധനവാണുണ്ടായത്

2022ല്‍ ഗസയിലെ ഇസ്രഈല്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് 47,935 കുടിയേറ്റക്കാരാണ് അല്‍ അഖ്സയിലെത്തിയത്. ഇവരെല്ലാവരും തന്നെ ഇസ്രഈലി പൊലീസ്, സൈനികര്‍, ഇസ്രഈല്‍ പാര്‍ലമെന്റ് അംഗങ്ങള്‍, മതനേതാക്കള്‍ എന്നിവരുടെ സംരക്ഷണയിലാണ് പള്ളിയില്‍ പ്രവേശിച്ചത്.

Content Highlight: Israel bans entry to Al-Aqsa until further notice