യെമനിലെ ഹൊദൈദ തുറമുഖത്ത് ആക്രമണം നടത്തി ഇസ്രഈല്‍; 21 പേര്‍ക്ക് പരിക്ക്
World News
യെമനിലെ ഹൊദൈദ തുറമുഖത്ത് ആക്രമണം നടത്തി ഇസ്രഈല്‍; 21 പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th May 2025, 9:26 am

ടെല്‍ അവീവ്: ടെല്‍ അവീവിന് സമീപം യെമനിലെ ഹൊദൈദ തുറമുഖത്ത് ബോംബാക്രമണം നടത്തി ഇസ്രഈല്‍. തുറമുഖത്തും ഒരു സിമന്റ് ഫാക്ടറിയിലും വ്യോമോക്രമണം നടത്തിയതായി ഇസ്രഈല്‍ സൈന്യം അറിയിച്ചു.

ഇസ്രഈലിനെതിരായ ഹൂത്തി പ്രവര്‍ത്തനങ്ങള്‍ക്ക് യെമന്‍ പിന്തുണ നല്‍കുന്നതിനാലാണ് ഈ സ്ഥലങ്ങള്‍ തകര്‍ത്തതെന്നും സൈന്യം അവകാശപ്പെട്ടു.

ഹൂത്തികളുമയി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളായ യുദ്ധ വിമാനങ്ങള്‍ ആക്രമിച്ചുവെന്നും തുരങ്കങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളും നിര്‍മിക്കുന്ന പ്രധാന സ്രോതസുകളാണ് ആക്രമിച്ചതെന്നുമാണ് ഇസ്രഈല്‍ സൈന്യം പറയുന്നത്.

സൈനിക ആവശ്യങ്ങള്‍ക്കായി ഇറാനിയന്‍ ആയുധങ്ങളും ഉപകരണങ്ങളും കൈമാറുന്നതിനുള്ള ഒരു കേന്ദ്രമായി ഹൊദൈദ തുറമുഖം പ്രവര്‍ത്തിക്കുന്നുവെന്ന് ഇസ്രഈല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം തിങ്കളാഴ്ച അര്‍ധരാത്രി നടന്ന ഇസ്രഈലിന്റെ ആക്രമണത്തില്‍ കുറഞ്ഞത് 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയ വക്താവ് അനീസ് അല്‍ അസ്ബാഹി പറഞ്ഞു.

എന്നാല്‍ ആക്രമണത്തില്‍ ഇസ്രഈലും അമേരിക്കയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം യെമനില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ യു.എസ് സൈന്യം പങ്കെടുത്തില്ലെന്നും യു.എസ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച യെമനിന്റെ ബാലിസ്റ്റിക് മിസൈല്‍ ടെല്‍ അവീവിന് പുറത്തുള്ള ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പതിച്ചിരുന്നു. പിന്നാലെയാണ് ഹൊദൈദ തുറമുഖത്തേക്ക് ആക്രമണമുണ്ടായതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Israel attacks Yemen’s Hodeidah port; 21 injured