ഡമസ്‌കസിലെ സൈനിക ആസ്ഥാനം ആക്രമിച്ച് ഇസ്രഈല്‍
Trending
ഡമസ്‌കസിലെ സൈനിക ആസ്ഥാനം ആക്രമിച്ച് ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th July 2025, 10:12 pm

ഡമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലെ സൈനിക ആസ്ഥാനം ആക്രമിച്ച് ഇസ്രഈല്‍. തെക്കന്‍ സിറിയയിലെ ഡ്രൂസ് വിഭാഗത്തിനെതിരെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സൈനിക ആസ്ഥാനം ആക്രമിച്ചതെന്ന് ഐ.ഡി.എഫ് (ഇസ്രഈല്‍ സൈന്യം) അറിയിച്ചു. ബുധനാഴ്ച്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സൈനിക ആസ്ഥാനത്തിന്റെ പ്രധാന കവാടം തകര്‍ത്തതായും ഐ.ഡി.എഫ് അവകാശപ്പെട്ടു.

ഡമാസ്‌കസിലുണ്ടായ ആക്രമണങ്ങളില്‍ 28 പേര്‍ക്ക് പരിക്കേറ്റതായി സിറിയന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്തും ആക്രമണം നടത്തിയതായി ഇസ്രഈല്‍ സൈന്യം അറിയിച്ചു.

സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിലെ ഭരണാധികാരികള്‍ വേഷം മാറിയ ജിഹാദികളാണെന്ന് ഇസ്രഈല്‍ വിശേഷിപ്പിച്ചു. തെക്കന്‍ സിറിയയിലേക്ക് സൈന്യത്തെ വിന്യസിക്കാന്‍ അനുവദിക്കില്ലെന്നും ഇസ്രഈല്‍ അറിയിച്ചിട്ടുണ്ട്. സിറിയയിലെ ന്യൂനപക്ഷമായ ഡ്രൂസ് വിഭാഗത്തെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുമെന്നും ഇസ്രഈല്‍ അറിയിച്ചു.

വെടിനിര്‍ത്തല്‍ ലംഘിച്ചു എന്നാരോപിച്ചാണ് ഇസ്രഈല്‍ സൈന്യം ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടായിരുന്ന സുവൈദയില്‍ സിറിയന്‍ സൈന്യവും ഡ്രൂസ് വിഭാഗവും ദിവസങ്ങളായി സംഘര്‍ഷത്തിലാണ്. നാല് ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടലില്‍ മരണം 200 കടന്നു.

സിറിയന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങുന്നതുവരെ ഇസ്രഈല്‍ സൈന്യം സുവൈദയില്‍ തുടരുമെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് പ്രതികരിച്ചു. സൈനിക ആസ്ഥാനത്തിന് നേരെയുള്ള ആക്രമണത്തിലൂടെ സുവൈദയിലെ സംഭവങ്ങളെക്കുറിച്ച് പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയ്ക്ക് ഒരു സന്ദേശം നല്‍കുകയായിരുന്നു ലക്ഷ്യമെന്ന് ഇസ്രഈല്‍ സൈനിക വക്താവ് പറഞ്ഞു.

ഡ്രൂസ് വിഭാഗവും സായുധ വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം അടിച്ചമര്‍ത്താന്‍ കഴിഞ്ഞ ദിവസം സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തിനെ സുവൈദ മേഖലയിലേക്ക് അയച്ചിരുന്നു, പക്ഷേ ഇത് പിന്നീട് ഡ്രൂസ് വിഭാഗവും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി.

സിറിയ, ലെബനന്‍, ഇസ്രഈല്‍ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മതവിഭാഗമാണ് ഡ്രൂസ്. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള സുവൈദ പ്രവിശ്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഡ്രൂസ് വിഭാഗത്തില്‍പ്പെട്ടവരാണ്.

ചൊവ്വാഴ്ച ഡ്രൂസ് വംശജനായ ഒരു ആത്മീയ നേതാവ് ഡ്രൂസ് വിഭാഗം സൈന്യത്തിന്റെ

സ്വയംഭരണം നേടുന്നതിനായി സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ പതനത്തിനുശേഷം അധികാരികളുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ആക്രമണം.

Content Highlight: Israel attacks Syria’s military and defence headquarters in Damascus