സമാധാന കരാറിലേക്ക് അടുക്കുന്നതിനിടെ ലെബനനെ ആക്രമിച്ച് ഇസ്രഈല്‍; യു.എസിനെ ചോദ്യം ചെയ്ത് ഇറാന്‍; ആക്രമണം പാടില്ലായിരുന്നെന്ന് ട്രംപ്‌
World
സമാധാന കരാറിലേക്ക് അടുക്കുന്നതിനിടെ ലെബനനെ ആക്രമിച്ച് ഇസ്രഈല്‍; യു.എസിനെ ചോദ്യം ചെയ്ത് ഇറാന്‍; ആക്രമണം പാടില്ലായിരുന്നെന്ന് ട്രംപ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th June 2026, 9:06 pm

ടെഹ്‌റാന്‍: യു.എസും ഇറാനും സമാധാന കരാറിലേക്ക് അടുക്കുന്നതിനിടെ ലെബനനില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രഈല്‍. സമാധാന കരാറില്‍ ധാരണയിലെത്തണമെങ്കില്‍ ലെബനനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇറാന്‍ യു.എസിനോട് പല തവണ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇസ്രഈല്‍ ലെബനനില്‍ നടത്തിയ ആക്രമണങ്ങള്‍ സമാധാന കരാറിനെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ലെബനീസ് തലസ്ഥാനം ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് ഇസ്രഈല്‍ ഇന്ന് ആക്രമണം നടത്തിയതെന്ന് പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങളില്‍ മൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണങ്ങളില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായി ലെബനന്റെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.

ബെയ്‌റൂട്ടിന് സമീപം ദഹിയെ പ്രദേശത്താണ് ആക്രമണമുണ്ടായത്. ഇവിടെ ഹിസ്ബുല്ല കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്ന് ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. ഇസ്രഈലിന് നേര്‍ക്ക് ഹിസ്ബുല്ല മൂന്ന് മിസൈലുകള്‍ അയച്ചതായും അത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഇസ്രഈല്‍ സൈന്യം പ്രതികരിച്ചു.

സമാധാന കരാര്‍ ഉടന്‍ നിലവില്‍ വരുമെന്ന തരത്തിലായിരുന്നു നേരത്തെ ഇറാന്റെയും യു.എസിന്റെയും പക്ഷത്തുനിന്നുള്ള പ്രതികരണങ്ങള്‍. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ഇസ്‌ലാമാബാദ് ധാരണാ പത്രം അന്തിമ ഘട്ടത്തിലെത്തിയതായി ഇറാനും യു.എസും മധ്യസ്ഥരായ പാകിസ്ഥാനും വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച തന്നെ കരാറില്‍ ഒപ്പു വെക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച ഒപ്പുവയ്ക്കാന്‍ സാധ്യതയില്ലെന്നും വരും ദിവസങ്ങളില്‍ കരാര്‍ അന്തിമമാവും എന്നുമായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മഈല്‍ ബാഘേയ് പറഞ്ഞത്. ധാരണാ പത്രത്തില്‍ 24 മണിക്കൂറില്‍ തന്നെ അന്തിമ ധാരണയുണ്ടാവുമെന്നും ഉടന്‍ തന്നെ ഡിജിറ്റലി ഒപ്പുവയ്ക്കുമെന്നും പാകിസ്ഥാന്‍ പ്രഥാനമന്ത്രി പ്രധാനമന്ത്രി ഷഹ്ബാസ് ഷെറീഫ് ശനിയാഴ്ച പറഞ്ഞിരുന്നു.

അതേസമയം, ലബനനില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന് ശേഷം സമാധാന കരാറിനോടുള്ള യു.എസിന്റെ സന്നദ്ധത ഇറാന്‍ ചോദ്യം ചെയ്തു. ലെബനനില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് സമാധാന ചര്‍ച്ചകളില്‍ ഇറാന്‍ യു.എസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ ഇസ്രഈല്‍ വീണ്ടും ആക്രമണം നടത്തുന്നത് യു.എസിന്റെ ആത്മാര്‍ത്ഥതയില്ലായ്മയോ കഴിവില്ലായ്മയോ ആണ് സൂചിപ്പിക്കുന്നതെന്ന് ഇറാന്റെ ചര്‍ച്ചാ പ്രതിനിധി മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് അഭിപ്രായപ്പെട്ടു. ബെയ്‌റൂട്ടിന് സമീപം ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ മറുപടി വേണമെന്ന് ഇറാന്‍ സംയുക്ത സൈന്യത്തിന്റെ ഉപ തലവന്‍ മുഹമ്മദ് ജാഫര്‍ ആസാദിയും അഭിപ്രായപ്പെട്ടു.

ബെയ്‌റൂട്ടിലെ ആക്രമണം നടക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇരു പക്ഷവും ആക്രമണത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ട്രംപ് സമൂഹ മാധ്യമ പോസ്റ്റില്‍ പറഞ്ഞു. ഇസ്രഈലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെങ്കിലും ആളപായമില്ലാത്ത ചെറിയ ആക്രമണങ്ങളോട് തിരിച്ചടിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും ട്രംപ് പറഞ്ഞു.

ശനിയാഴ്ച രാത്രി പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പിന്നീട് ഡൊണാള്‍ഡ് ട്രംപും പറഞ്ഞത് പ്രകാരം ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇനി യു.എസ്-ഇറാന്‍ സമാധാന കരാറില്‍ ധാരണയിലെത്താന്‍ വേണ്ടത്. കരാറിനോട് കൂടുതല്‍ അടുത്തുവെന്നും 24 മണിക്കൂറില്‍ തന്നെ ഒപ്പു വെ്ക്കുമെന്നുമായിരുന്നു ശനിയാഴ്ച രാത്രി പാകിസ്ഥാന്‍ പ്രഥാനമന്ത്രി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. പിന്നീട് ഡൊണാള്‍ഡ് ട്രംപും 24 മണിക്കൂറിനുള്ളില്‍ കരാറില്‍ ധാരണയിലെത്തും എന്ന് പ്രഖ്യാപിച്ചിരുന്നു.

‘നമ്മള്‍ കരാറിനോട് കൂടുതല്‍ അടുത്തിട്ടുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ അന്തിമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടന്‍ തന്നെ കരാറില്‍ ഡിജിറ്റലായി ഒപ്പു വെക്കാന്‍ പാകിസ്ഥാന്‍ തയ്യാറെടുക്കുകയാണ്. അതിന് ശേഷം സാങ്കേതിക തലത്തിലുള്ള ചര്‍ച്ചയും അടുത്തവാരമുണ്ടാവും.’ എന്നാണ് പക് പ്രധാന മന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്.

Content Highlight: Israel Attack in Lebanon when Iran US Peace agreement reportedly reaching conclusion