ലെബനന്‍: ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഇസ്രഈല്‍ ആക്രമണം തുടരുന്നു
വാഷിങ്ടണ്‍: ലെബനനില്‍ ഇസ്രഈലും ഹിസ്ബുല്ലയും സംഘര്‍ഷം കുറയ്ക്കാന്‍ ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ശേഷവും ഇസ്രഈല്‍ ആക്രമണങ്ങള്‍ ലെബനനില്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ പ്രഖ്യാപനം വന്ന ശേഷവും തെക്കന്‍ ലെബനനില്‍ എട്ട് പേര്‍ എങ്കിലും കൊല്ലപ്പെട്ടതായി ലെബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ നാഷനല്‍ ന്യൂസ് ഏജന്‍സി (എന്‍.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഡ്രോണ്‍ ആക്രമണങ്ങളിലായാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലെബനനില്‍ ഹിസ്ബുല്ലയും ഇസ്രയേലും ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ലെബനീസ് തലസ്ഥാനം ബെയ്‌റൂട്ട് ആക്രമിക്കുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ ഭീഷണി ഉന്നയിച്ചിരുന്നു. ഇതിന് പിറകെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇസ്രഈലില്‍ ഹിസ്ബുള്ള ആക്രമണം നടത്തിയതിന് തിരിച്ചടിയായി ബെയ്‌റുട്ട് ആക്രമിക്കും എന്നായിരുന്നു നെതന്യാഹു പറഞ്ഞത്.
അതേസമയം, തെക്കന്‍ ലെബനനിലെ സോറില്‍ ആശുപത്രിക്ക് നേര്‍ക്ക് കഴിഞ്ഞദിവസമുണ്ടായ ഇസ്രഈല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായതായി എന്‍.എന്‍.എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 50 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലെബനനില്‍ ഇസ്രഈല്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യു.എസുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് ഈ വിഷയത്തില്‍ ഇടപെട്ടത്. യു.എസില്‍ ഇസ്രഈലും ലെബനനുമായുള്ള നാലാംഘട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വാഷിങ്ടണില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആസ്ഥാനത്താണ് ചര്‍ച്ച.
നേരത്തെ ലബനനില്‍ ഇസ്രഈല്‍ നടത്തുന്ന തുടര്‍ച്ചയായ സൈനിക നടപടികളില്‍ ഇസ്രഈല്‍ നെതന്യാഹുവിനെതിരെ ട്രംപ് ക്ഷോഭിച്ചിരുന്നു. നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ട്രംപ് അസാധാരണമാംവിധം ക്ഷുഭിതനായതായും അസഭ്യവര്‍ഷം നടത്തിയതായും അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസ്’ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ട്രംപ് നെതന്യാഹുവിനോട് ക്ഷോഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന ശേഷമാണ് ഇസ്രഈല്‍ പുതിയ ആക്രമണങ്ങള്‍ നടത്തിയതായി വിവരം പുറത്തുവന്നത്. നെതന്യാഹുവിനോടും ഹിസ്ബുള്ള നേതാക്കളോടും ട്രംപ് ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളില്‍ ഇരു പക്ഷത്തോടും ആക്രമണം കുറയ്ക്കാന്‍ ട്രംപ് ആവശ്യപ്പെട്ടതായാണ് വിവരം.
ഹിസ്ബുല്ല ഇപ്പോള്‍ ഇസ്രഈലിനെ ലക്ഷ്യം വച്ച് ആക്രമിക്കുന്നില്ല എന്ന് ലെബനീസ് പ്രസിഡന്റ് ജോസഫ് ഔണിന്റെ പ്രസ്താവനയും ഇതിനിടെ പുറത്ത് വന്നിരുന്നു. ഇസ്രഈല്‍ സൈന്യം ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്ത പ്രദേശങ്ങള്‍ ആക്രമിച്ചേക്കാമെന്നും പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Israel and Lebanon- Trump Announce De Escalation – Report of Israel attacks Continues