ഇസ്താംബുള്‍: മേഖലയെ വീണ്ടും രക്തച്ചൊരിച്ചിലിലേക്ക് തള്ളിവിടാന്‍ ഇസ്രഈലിലെ ‘യുദ്ധത്തിന് അടിമപ്പെട്ട’ സര്‍ക്കാരിനെ അനുവദിക്കരുതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍.
ഇസ്താംബുളില്‍ വെച്ച് നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇസ്രഈല്‍ സര്‍ക്കാരിനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ രൂപപ്പെട്ട യു.എസ്-ഇറാന്‍ സമാധാന കരാറിനെ തകര്‍ക്കാന്‍ ഇസ്രഈല്‍ ശ്രമിക്കുന്നതായി എര്‍ദോഗന്‍ ആരോപിച്ചു. മേഖലയിലെ സമാധാനശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ ബാഹ്യമായ ഇടപെടലുകള്‍ക്ക് പകരം പ്രാദേശിക രാജ്യങ്ങളുടെ പങ്കാളിത്തവും പിന്തുണയും അനിവാര്യമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.
ഗസയില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈല്‍ നടത്തുന്ന മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ ആക്രമണങ്ങളെയും, ലെബനന്‍, സിറിയ എന്നിവിടങ്ങളിലെ നെതന്യാഹു ഭരണകൂടത്തിന്റെ സൈനിക നീക്കങ്ങളെയും തുര്‍ക്കി ശക്തമായി അപലപിച്ചു.
എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം മിഡില്‍ ഈസ്റ്റില്‍ ഉണ്ടാകണമെന്നാണ് തുര്‍ക്കി ആഗ്രഹിക്കുന്നതെന്ന് എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.
നയതന്ത്ര പരിഹാരങ്ങളിലൂടെയും സാമ്പത്തിക വളര്‍ച്ചയിലൂടെയും മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരാന്‍ തുര്‍ക്കിയും പാകിസ്ഥാനും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
മേഖലയിലെ സുരക്ഷാ ആശങ്കകള്‍ പങ്കുവെക്കുന്നതോടൊപ്പം തന്നെ, തുര്‍ക്കിയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിവിധ മേഖലകളില്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഇരുനേതാക്കളും വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 5 ബില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ തീരുമാനമായി. തുര്‍ക്കി സംരംഭകര്‍ക്കായി കറാച്ചിയില്‍ ഒരു പ്രത്യേക സാമ്പത്തിക മേഖല (Special Economic Zone) സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
പ്രതിരോധം, ഊര്‍ജം, ഗതാഗതം, വിവരസാങ്കേതികവിദ്യ, നിര്‍ണായക ധാതുക്കള്‍ എന്നീ മേഖലകളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കും. ഒപ്പം പാകിസ്ഥാന്റെ വൈദ്യുതി മേഖലയിലെ പരിഷ്‌കരണങ്ങളില്‍ തുര്‍ക്കി കമ്പനികള്‍ക്ക് സഹകരിക്കാന്‍ വലിയ താത്പര്യമുണ്ടെന്ന് തുര്‍ക്കി ഊര്‍ജ മന്ത്രി അല്‍പാര്‍സ്ലാന്‍ ബയരക്തര്‍ വ്യക്തമാക്കി.
പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ദാരുണമായ ബസ് അപകടത്തില്‍ 40 പേര്‍ മരണപ്പെട്ട സംഭവത്തില്‍ പ്രസിഡന്റ് എര്‍ദോഗന്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മേഖലയുടെ സമാധാനത്തിനും ഐശ്വര്യത്തിനുമായി പാകിസ്ഥാനൊപ്പം തുര്‍ക്കി എന്നും നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Israel, addicted to war, must not be allowed to plunge the region into bloodshed: Erdogan.