ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇസ്രഈലിന്റെ ആരോപണം; ഇല്ലെന്ന് ഇറാന്‍; ശക്തമായി തിരിച്ചടിക്കാന്‍ ഉത്തരവിട്ട് ഇസ്രഈല്‍
World News
ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇസ്രഈലിന്റെ ആരോപണം; ഇല്ലെന്ന് ഇറാന്‍; ശക്തമായി തിരിച്ചടിക്കാന്‍ ഉത്തരവിട്ട് ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th June 2025, 2:30 pm

ടെല്‍ അവീവ്: ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ്. ഇറാന്‍ ഇസ്രഈലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതായാണ് ഇസ്രഈല്‍ ആരോപിച്ചിരിക്കുന്നത്.

ഇറാന്റെ ആക്രമണത്തില്‍ തിരിച്ചടിക്കുവാന്‍ ഇസ്രഈല്‍ സേനയ്ക്ക് നിര്‍ദേശം ലഭിച്ചതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇസ്രഈല്‍ ആരോപിക്കുന്നത് പോലെ അത്തരത്തിലൊരു ആക്രമണം തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ഇറാന്‍ പ്രതികരിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രഈലിന് നേരെ മിസൈല്‍ ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ഇറാന്‍ സ്റ്റേറ്റ് റിപ്പോര്‍ട്ട് ചെയ്‌തു.

ഇന്ന് രാവിലെയോടെയാണ് ദിവസങ്ങള്‍ നീണ്ടുനിന്ന ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷം അവസാനിപ്പിച്ചുകൊണ്ട് അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വെടിനിര്‍ത്തലിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാചിച്ചതിനാലാണ് ഇറാന്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

ഇസ്രഈലിന്റെ തെക്കന്‍ നഗരമായ ബീര്‍ഷെബയില്‍ ഇറാന്‍ നിരവധി മിസൈലുകള്‍ വാര്‍ഷിച്ചതിന് പിന്നാലെയാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ആക്രമണത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്.

12 ദിവസത്തെ നേര്‍ക്കുനേര്‍ ആക്രമണത്തിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ജൂണ്‍ 13ന് ഇസ്രഈല്‍ ആരംഭിച്ച ആക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇസ്രഈല്‍ ആക്രമണത്തില്‍ 950 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മരിച്ചവരില്‍ 380 സാധാരണക്കാരും 253 സേനാംഗങ്ങളുമാണെന്നാണ് വിവരം. 3450 ഓളം പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റു.

തുടര്‍ന്ന് ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈലിന്റെ സഖ്യകക്ഷിയായ അമേരിക്കയും ആക്രമണം നടത്തിയിരുന്നു. ഇറാനിലെ ഫെര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് നേരത്തെ തന്നെ ഇറാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ഇന്നലെ ദോഹയിലെ യു.എസ് വ്യോമകേന്ദ്രത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് വ്യോമകേന്ദ്രമായ, ദോഹയിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. ആറോളം ബാലിസ്റ്റിക് മിസൈലുകളാണ് ദോഹയിലേക്ക് ഇറാന്‍ തൊടുത്തത്.

ഇറാന്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിത്.

Content Highlight: Israel accuses Iran of violating ceasefire; Iran denies it; Israel orders strong retaliation