51ാം വയസില്‍ ലോക റെക്കോഡ്; തകര്‍ത്തെറിഞ്ഞത് 94 വര്‍ഷത്തെ ചരിത്രം
Cricket
51ാം വയസില്‍ ലോക റെക്കോഡ്; തകര്‍ത്തെറിഞ്ഞത് 94 വര്‍ഷത്തെ ചരിത്രം
സുദേവ് എ
Sunday, 30th August 2026, 8:15 am

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ചരിത്രമെഴുതി ഐല്‍ ഓഫ് മാന്‍ താരം ജോവാന്‍ ഹിക്‌സ്. വനിതാ കോണ്ടിനെന്റല്‍ കപ്പില്‍ ഗ്രീസിനെതിരെ അമ്പരപ്പിക്കുന്ന ബൗളിങ് പ്രകടനം കാഴ്ചവെച്ചാണ് ജോവാന്‍ ഹിക്‌സ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയത്. മത്സരത്തില്‍ ഗ്രീസിനെതിരെ നാല് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ (പുരുഷ, വനിത) അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായാണ് ജോവാന്‍ ഹിക്‌സ് മാറിയത്. താരത്തിന്റെ 51ാം വയസിലാണ് ഈ ചരിത്രനേട്ടം. 50 വയസിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് ജോവാന്‍ ഹിക്‌സ്.

മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബെര്‍ട്ട് അയണ്‍മോംഗറുടെ പേരിലുണ്ടായിരുന്ന 94 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഐല്‍ ഓഫ് മാന്‍ താരം തകര്‍ത്തെറിഞ്ഞത്. 1932ല്‍ സൗത്ത് ആഫ്രിക്കക്കെതിരെയായിരുന്നു ബെര്‍ട്ട് അയണ്‍മോംഗറുടെ ഫൈഫര്‍ നേട്ടം.

49 വയസും 314 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ നേട്ടം. മെല്‍ബണില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ 15.3 ഓവറില്‍ 18 റണ്‍സ് വിട്ടുനല്‍കി ആറ് വിക്കറ്റുകളായിരുന്നു താരം നേടിയിരുന്നത്.

മത്സരത്തില്‍ ഒമ്പത് വിക്കറ്റുകളുടെ വമ്പന്‍ വിജയമാണ് ഐല്‍ ഓഫ് മാന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗ്രീസ് 15 ഓവറില്‍ വെറും 52 റണ്‍സിനാണ് പുറത്തായത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഐല്‍ ഓഫ് മാന്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു.

ജോവാന്‍ ഹിക്‌സ് ഫൈഫര്‍ നേടി തിളങ്ങിയപ്പോള്‍ ജോര്‍ജിനെ ഫോര്‍ഡ് രണ്ട് വിക്കറ്റുകളും അമേലിയ ഗ്രിഫിത്സ് ഒരു വിക്കറ്റും വീഴ്ത്തി ഗ്രീസിനെ പൂര്‍ണമായും തകര്‍ത്തു.

20 പന്തുകളില്‍ നിന്നും 24 റണ്‍സ് നേടി ലിബി മോറെയും 15 പന്തില്‍ 19 റണ്‍സ് നേടി ഗ്രെയ്സ് കോട്ടിയറും ചെറിയ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.

 

Content Highlight: Isle of Man player Jo Hicks makes history in international cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.