എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയില്‍ മഞ്ഞക്കടല്‍ തീര്‍ത്ത് ആരാധകര്‍; ടിക്കറ്റ് കിട്ടാത്തവര്‍ കൗണ്ടര്‍ തല്ലി തകര്‍ത്തു
എഡിറ്റര്‍
Friday 17th November 2017 7:39pm

കൊച്ചി: ഐ.എസ്.എല്‍ നാലാം പൂരത്തിന് കൊച്ചിയില്‍ കൊടിയുര്‍ന്നത് വിവാദത്തോടെ. കേരളാ ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തിനു സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പനയില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതറിയാതെ എത്തിയവരാണ് സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയവരില്‍ അധികവും.

പ്രതിഷേധം കനത്തതോടെ പൊലീസ് രംഗത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ രോഷം അടങ്ങിയില്ല. രോഷാകുലരായ കാണികള്‍ ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്തു. രാവിലെ മുതല്‍ ടിക്കറ്റിനായി കാത്തുനില്‍ക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം, ഉദ്ഘാടന മല്‍സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വ്യാപകമാണ്. ഓണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ അതു വന്‍വിലയ്ക്കു വില്‍ക്കുകയാണ്. രണ്ടായിരം രൂപ മുതല്‍ നാലായിരം വരെയാണ് ഒരു ടിക്കറ്റിന്റെ കരിഞ്ചന്തവില.


Also Read: ‘അമ്മ വിളിച്ചു, അവന്‍ മടങ്ങിയെത്തി’; ലഷ്‌കര്‍ ഇ തൊയ്ബയില്‍ ചേര്‍ന്ന കശ്മീരി ഫുട്‌ബോളര്‍ കീഴടങ്ങി


കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനിയില്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍ കൊല്‍ക്കത്തയുടെ വമ്പന്‍മാരെ നേരിടും. ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച ടീമാണ് രണ്ടും.

ആദ്യ പതിപ്പിലും മൂന്നാം പതിപ്പിലും കൊല്‍ക്കത്ത കിരീടം നേടിയത് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാണ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലെ തോല്‍വിക്ക് ഈ സീസണിലെ ആദ്യ മത്സരത്തില്‍ കണക്കുതീര്‍ക്കാനാകും ജിംഗനും കൂട്ടരും ഇന്ന് ഇറങ്ങുക.

ആര്‍ത്തുവിളിക്കുന്ന മഞ്ഞപ്പടയുടെ ആവേശം കാലുകളിലേക്കാവാഹിച്ച് ഹ്യൂമും, ബെര്‍ബറ്റോവും, വിനീതും മുന്നേറ്റത്തില്‍ തീപ്പൊരിയായാല്‍ കൊല്‍ക്കത്ത പ്രതിരോധം വിറയ്ക്കുമെന്നതില്‍ സംശയമില്ല.

അതേസമയം മുന്നേറ്റ താരം റോബി കീന്‍ പരിക്കേറ്റ് മടങ്ങിയത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാകും. ഇന്ത്യന്‍ താരം റോബിന്‍ സിംഗിലൂടെ കീനിന്റെ അഭാവം നികത്താനായിരിക്കും കൊല്‍ക്കത്തയുടെ ശ്രമം.

ഇത്തവണ അഞ്ചുമാസത്തോളം നീളുന്ന ലീഗാണ് സംഘടിപ്പിച്ചിരിക്കുന്നത്. പത്ത് ടീമുകളാണ് കിരീടത്തിനായി പന്തു തട്ടുന്നത്. മാര്‍ച്ച് 18 നു കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍.

Advertisement