ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.
മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് ഇഷാന്‍ കിഷന്‍ ആയിരുന്നു. 49 റണ്‍സാണ് ഇഷാന്‍ നേടിയത്. ആറ് ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. എന്നാല്‍ അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ ഇഷാന്‍ പുറത്താവുകയായിരുന്നു. സാം കറന്റെ പന്തില്‍ ലിയാം ഡോസന് ക്യാച്ച് നല്‍കിയാണ് ഇഷാന്‍ മടങ്ങിയത്.
ഒരു റണ്‍സകലെ ഇഷാന് നഷ്ടമായത് ഒരു ചരിത്ര നേട്ടമാണ്. ഒരു റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ടി-20യില്‍ ഇംഗ്ലണ്ടില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന വമ്പന്‍ നേട്ടം താരത്തിന് കൈവരിക്കാന്‍ സാധിക്കുമായിരുന്നു.
ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ് ധോണി, റിഷബ് പന്ത്, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് പോലും സാധിക്കാത്ത ഐതിഹാസിക നേട്ടമായിരുന്നു ഇഷാന് സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്നത്.
അതേസമയം മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ഇഷാന് പുറമെ അഭിഷേക് ശര്‍മ (24 പന്തില്‍ 43), ശ്രേയസ് അയ്യര്‍ (22 പന്തില്‍ 37), തിലക് വര്‍മ (11 പന്തില്‍ 24*) എന്നിവര്‍ ടീമിനായി മികച്ച സംഭാവനകള്‍ നല്‍കി.
മത്സരത്തില്‍ ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകളും അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ സാം കറന്‍ മൂന്ന് വിക്കറ്റുകളെടുത്തപ്പോള്‍ വില്‍ ജാക്‌സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
അര്‍ധ സെഞ്ച്വറി നേടിയ ജേക്കബ് ബേഥലിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്. ബേഥല്‍ 46 പന്തുകള്‍ നേരിട്ട് 76 റണ്‍സെടുത്ത് പുറത്താവാതെ നിന്നാണ് ടീമിന്റെ വിജയശില്പിയായത്. ഹാരി ബ്രൂക്ക് 15 പന്തില്‍ 39 റണ്‍സും ടോം ബാന്റണ്‍ 32 പന്തില്‍ 39 റണ്‍സും സ്‌കോര്‍ ചെയ്തു.