ഇന്ത്യയുടെ ടി – 20 ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഏകദിനത്തിലേക്കും ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം ആരംഭിക്കുന്ന ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന പരമ്പരയിലുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയേക്കും. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സൂപ്പര്‍ താരം റിഷബ് പന്തിനെ പരമ്പരയില്‍ നിന്നുള്ള സ്‌ക്വാഡില്‍ ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2024ലാണ് താരം ഏകദിനത്തില്‍ ഇന്ത്യയ്ക്കായി കളിച്ചത്. പിന്നീട് പ്രോട്ടിയാസിനെതിരെയുള്ള പരമ്പരയിലാണ് താരത്തിന് 50 ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെത്തിയത്. എന്നാല്‍ താരത്തിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. കെ.എല്‍. രാഹുലായിരുന്നു ടീമിന്റെ വിക്കറ്റ് കീപ്പര്‍.
ഇഷാൻ കിഷൻ. Photo: Johns/x.com
ഇപ്പോള്‍ പന്തിന് പകരമായാണ് കിഷന്‍ ന്യൂസിലാന്‍ഡിനെതിരെ ടീമില്‍ എത്തുകയെന്നാണ് വിവരം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം താരത്തിന് ടി – 20 ടീമിലേക്ക് വഴിയൊരുക്കിയതെങ്കില്‍ വിജയ് ഹസാരെയിലെ പ്രകടനവും ഏകദിന ടീമിലേക്ക് എത്തുന്നതില്‍ നിര്‍ണായകമാകും.
കൂടാതെ, ഈ റിപ്പോര്‍ട്ടില്‍ ശുഭ്മന്‍ ഗില്‍ നായകനായി എത്തുമെന്ന സൂചനയുണ്ട്. എന്നാല്‍, വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
റിഷബ് പന്ത്. Photo: Sonu/x.com
നേരത്തെ, ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന ടീമില്‍ ജനുവരി ആദ്യ വാരം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ജനുവരി മൂന്നിനോ നാലിനോ ആകും സ്‌ക്വാഡ് പുറത്ത് വിടുക എന്നാണ് സൂചന.
ജനുവരി 11 മുതല്‍ 14 വരെയാണ് ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പര നടക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അതിന് ശേഷം ഇന്ത്യ കിവികളുമായി അഞ്ച് ടി – 20 മത്സരങ്ങളും കളിക്കും. ഇതിനുള്ള ടീമിനെ ഇന്ത്യ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തി. ഇതേ ടീം തന്നെയാണ് 2026 ടി – 20 ലോകകപ്പിനും ഇന്ത്യക്കായി ഇറങ്ങുക.