തട്ടത്തിൽ മറയത്തിലെ ആയിഷ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് ഇഷ തൽവാർ. പിന്നീട് നിരവധി സിനിമകളിൽ അവർ അഭിനയിച്ചു. മിർസാപൂർ എന്ന വെബ്സീരിസിലും നടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇഷ തൽവാർ.
കേരളം തരുന്ന സ്‌നേഹമാണ് കേരളത്തോട് തന്നെ ചേര്‍ത്തുനിര്‍ത്തുന്നതെന്നും തന്റെ സിനിമാജീവിതത്തിന്റെ തുടക്കം ഇവിടെനിന്നാണെന്നും ഇഷ തല്‍വാര്‍ പറഞ്ഞു. താന്‍ മലയാളത്തില്‍ മുഴുനീള കഥാപാത്രം ചെയ്തിട്ട് ഒരുപാട് കാലം ആയെന്നും എന്നാലും ഇന്നും എല്ലാവരും വന്ന് സംസാരിക്കാറുണ്ടെന്നും നടി പറയുന്നു.
തിരക്കുകളില്‍ നിന്നും ഇടവേളയെടുത്ത് താന്‍ കേരളത്തിലേക്കാണ് വന്നതെന്നും ഭക്ഷണം, കല, സൗന്ദര്യസംരക്ഷണം എന്നിവയില്‍ നമ്മുടെ കലവറ സമൃദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ മലയാളി സുഹൃത്തുക്കളെക്കാള്‍ മികച്ച മലയാളി താനാണെന്ന് തനിക്ക് എപ്പോഴും തോന്നാറുണ്ടെന്നും ഇഷ തല്‍വാര്‍ പറഞ്ഞു. വനിതയോട് സംസാരിക്കുകയായിരുന്നു നടി.
‘കേരളം തരുന്ന സ്‌നേഹം തന്നെയാണ് കേരളത്തോട് എന്നെ ചേര്‍ത്ത് നിര്‍ത്തുന്നത്. എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം ഇവിടെ നിന്നാണല്ലോ. ഒരുപാട് നാളായി മലയാളത്തില്‍ ഒരു മുഴുനീള കഥാപാത്രം ചെയ്തിട്ട്. എങ്കിലും ഇന്നും ആളുകള്‍ തിരിച്ചറിയുന്നു. ഓടി വന്നു സംസാരിക്കുകയും സുഖവിവരങ്ങള്‍ തിരക്കുകയും ചെയ്യുന്നു. എന്നോടിഷ്ടമായതുകൊണ്ടല്ലേ ഈ കരുതല്‍.
2023ല്‍ ഇരിങ്ങാലക്കുടയിലെ നടനകൈരളിയില്‍ നിന്നും നവരസസാധന അഭ്യസിച്ചു. കലാകാരിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അതെന്നെ വളരെയധികം സ്വാധീനിച്ചു. അന്നാരംഭിച്ച ആഗ്രഹമാണ് കളരി അഭ്യസിക്കണമെന്നത്.
ഷൂട്ടിങ് തിരക്കുകളില്‍ നിന്നൊരിടവേള കിട്ടിയപാടെ കേരളത്തിലേക്ക് പോന്നു. ഇപ്പോള്‍ ഒന്നര മാസമായി കളരി അഭ്യസിക്കുന്നു. എല്ലാവരും വെസ്റ്റേണ്‍ സ്റ്റൈലിന് പിന്നാലെയുള്ള ഓട്ടത്തിലാണ്. എന്നാല്‍, ഭക്ഷണമായാലും കലയായാലും സൗന്ദര്യസംരക്ഷണമായാലും നമ്മുടെ കലവറകള്‍ സമൃദ്ധമാണ്. ചിലപ്പോഴൊക്കെ തോന്നാറുണ്ട് എന്റെ മലയാളി സുഹൃത്തുക്കളെക്കാള്‍ മികച്ച മലയാളി ഞാനാണെന്ന്,’ ഇഷ തല്‍വര്‍ പറയുന്നു.
Content Highlight: Isha Thalwar talking about Malayalam Cinema