ഇഷ യോഗ ഹോം സ്‌കൂളിലെ നാല് ജീവനക്കാര്‍ക്കും മുന്‍ വിദ്യാര്‍ത്ഥിക്കുമെതിരെയാണ് കേസെടുത്തത്. ആന്ധ്ര സ്വദേശിയായ വിദ്യാര്‍ത്ഥിയെ പൂര്‍വ്വവിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
ആരോപണം നേരിടുന്ന മുന്‍ വിദ്യാര്‍ത്ഥി പ്രബല വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്നും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായും പരാതിയില്‍ ആരോപണമുണ്ട്. കോയമ്പത്തൂരിലെ പേരൂരിലുള്ള ഓള്‍ വുമണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍, 2017നും 2019നും ഇടയില്‍ വിദ്യാര്‍ത്ഥി പീഡനം നേരിട്ടതായാണ് പറയുന്നത്.
2024 നവംബറിലാണ് ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. എന്നാല്‍ ജനുവരി 31നാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഒരു മാസത്തിന് ശേഷമാണ് പൊലീസ് പരാതിക്കാരിക്ക് എഫ്.ഐ.ആറിന്റെ പകര്‍പ്പ് കൈമാറിയത്. ഇതിനിടെ പൊലീസ് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
മകള്‍ നേരിട്ട അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ഗി വാസുദേവിന് ഒന്നിലധികം തവണ ഇ-മെയിലുകള്‍ അയച്ചിരുന്നുവെന്നും എന്നാല്‍ ഒരു തവണ പോലും മറുപടി ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു.
പൊലീസ് നടപടി വൈകിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിയുടെ അമ്മ പത്രസമ്മേളനം വിളിക്കുകയും വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷം അമ്മയ്ക്ക് നേരെയും ഭീഷണികള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.