വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്‍.ഡി.എയിലേക്കോ? അമിത് ഷായ്ക്ക് പിന്നാലെ മോദിയെ കാണാന്‍ ഒരുങ്ങി ജഗന്‍മോഹന്‍ റെഡ്ഡി
national news
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്‍.ഡി.എയിലേക്കോ? അമിത് ഷായ്ക്ക് പിന്നാലെ മോദിയെ കാണാന്‍ ഒരുങ്ങി ജഗന്‍മോഹന്‍ റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th October 2020, 8:06 pm

ന്യൂദല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ന്യൂദല്‍ഹിയിലേക്ക്. ജഗന്‍ മോഹന്‍ റെഡ്ഡി നരേന്ദ്രമോദിയെ കാണാന്‍ യാത്രതിരിച്ചതിന് പിന്നാലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്‍.ഡി.എയിലേക്ക് അണിചേരുമോ എന്ന രാഷ്ട്രീയ ചര്‍ച്ചകളും മുറുകുകയാണ്.

തിങ്കളാഴ്ച്ച വൈകുന്നേരമാണ് ജഗന്‍ മോഹന്‍ റെഡ്ഡി രാജ്യ തലസ്ഥാനത്തേക്ക് തിരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 10.30നാണ് അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുക.

കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് ജഗന്‍ മോഹന്‍ റെഡ്ഡി ദല്‍ഹിയിലേക്ക് പോകുന്നത്. സെപ്തംബര്‍ 22ന് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

വൈ.എസ്.ആറിന്റെ എന്‍.ഡി.എ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് റിപ്പോര്‍ട്ടുകളും ഇതിന് പിന്നാലെ വന്നിരുന്നു. രണ്ട് ക്യാബിനറ്റ് മന്ത്രി സ്ഥാനം വൈ.എസ്.ആറിന് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

22 എം.പിമാരുള്ള വൈ.എസ്.ആറിന് കോണ്‍ഗ്രസ് പാര്‍ലമെന്റിലെ നാലാമത്തെ വലിയ കക്ഷിയാണ്. രാജ്യസഭയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ആറ് എം.പിമാരുണ്ട്. 2019 മെയ് മാസത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ബി.ജെ.പിയുമായി ജഗന്‍ മോഹന്‍ റെഡ്ഡി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്.

ലോക്‌സഭയിലും രാജ്യസഭയിലും കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. എന്‍.ഡി.എയുടെ ദീര്‍ഘകാലമായുള്ള സഖ്യകക്ഷി അകാലിദള്‍ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ബി.ജെ.പി മറ്റ് കക്ഷികളുമായുള്ള സഖ്യകക്ഷി സാധ്യതകള്‍ സജീവമായി ചര്‍ച്ചയ്‌ക്കെടുക്കുന്നത്.

അമരാവതി ഭൂമി കേസുമായി ബന്ധപ്പെട്ട് ജഗന്‍മോഹന്‍ റെഡ്ഡി സി.ബി.ഐ അന്വേഷണം നേരിടുന്നത് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ എന്‍.ഡി.എയിലേക്കുള്ള പ്രവേശന സാധ്യതകള്‍ കൂട്ടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Is YSR Congress joining NDA? CM Jagan flies to Delhi to meet PM modi