പോപ്പിന്റെ മരണത്തെ പരിഹസിക്കുന്നോ? എ.ഐ ചിത്രം പങ്കുവെച്ച് ട്രംപ്; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
World News
പോപ്പിന്റെ മരണത്തെ പരിഹസിക്കുന്നോ? എ.ഐ ചിത്രം പങ്കുവെച്ച് ട്രംപ്; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd May 2025, 12:23 pm

വാഷിങ്ടണ്‍: പോപ്പിന്റെ വേഷമണിഞ്ഞ എ.ഐ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക ചര്‍ച്ചകള്‍ നടക്കവെയാണ് ട്രംപ് ചിത്രം പോസ്റ്റ് ചെയ്തത്.

പോപ്പ് ആകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞിരുന്നു. ഇതുകഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് അഭിപ്രായവുമായി പോസ്റ്റിന് താഴെ എത്തുന്നത്. പോസ്റ്റ് തമാശയായിരിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടുവെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

മാര്‍പാപ്പയുടെ വിയോഗത്തിന് ശേഷം ആരെയാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി തനിക്ക് പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്നും അങ്ങനെയൊരു അവസരം ലഭിച്ചാല്‍ പോപ്പ് ആകുന്നതിനാകും തന്റെ പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞിരുന്നു.

കൂടാതെ പുതിയ പോപ്പ് ആരാകണം എന്നത് സംബന്ധിച്ച് തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും അത് ന്യൂയോര്‍ക്കില്‍ നിന്നുളള ആളായാല്‍ വലിയ സന്തോഷമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനായുളള പേപ്പല്‍ കോണ്‍ക്ലേവ് മെയ് ഏഴിനാണ് ആരംഭിക്കുന്നത്. 80 വയസില്‍ താഴെയുളള കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക. 135 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്.

ഇന്ത്യയില്‍ നിന്നുള്ള നാല് കര്‍ദിനാള്‍മാരാണ് പങ്കെടുക്കുന്നത്. ചരിത്രപ്രാധാന്യമുള്ള സിസ്റ്റിന്‍ ചാപ്പലിലാണ് കോണ്‍ക്ലേവ് നടക്കുക. പുതിയ മാര്‍പാപ്പയെ കണ്ടെത്തുന്നത് വരെ കോണ്‍ക്ലേവ് തുടരും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും.

Content Highlight: Is Trump mocking the Pope’s death? Social media criticizes Trump for sharing AI picture