ന്യൂദല്‍ഹി: ഇന്ത്യയും യു.എസും സ്വാഭാവിക പങ്കാളികളാ(natural partners)ണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. എവിടെയാണ് ഈ ബന്ധത്തില്‍ സ്വാഭാവികതയെന്ന് കോണ്‍ഗ്രസ് ചോദ്യം ചെയ്തു.
അത്രയധികം സ്വാഭാവികമായതുകൊണ്ടാണോ ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് പിന്നില്‍ താനാണ് പ്രവര്‍ത്തിച്ചതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 35ലധികം തവണ പല സ്ഥലങ്ങളില്‍ വെച്ച് പറഞ്ഞതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യയും യു.എസും തമ്മിലുണ്ടായ നയതന്ത്രബന്ധത്തിലെ വിള്ളല്‍ പരിഹരിക്കാനായി ട്രംപ് മുന്നോട്ട് വന്നിരുന്നു. വൈകാതെ തന്നെ തന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മോദി യു.എസിനെ ഇന്ത്യയുടെ സ്വാഭാവിക പങ്കാളി എന്ന് വിശേഷിപ്പിച്ചത്.
ഇന്ത്യ-യു.എസ് വ്യാപാരത്തെ കുറിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അതിരുകളില്ലാത്ത പങ്കാളിത്തത്തിലേക്ക് നയിക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍, എ.ഐ.സി.സി കമ്മ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജായ ജനറല്‍ സെക്രട്ടറി ജയറാം രമേശ് മോദിയുടെ വാക്കുകളെ രൂക്ഷമായി വിമര്‍ശിച്ചു.
‘ഇന്ത്യയും യു.എസും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി മോദി ട്രംപിനോട് പറഞ്ഞു. എങ്കില്‍ ചോദ്യമിതാണ്, മേയ് പത്തിന് വൈകുന്നേരം ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് ട്രംപ് വ്യാപാരത്തെ ഒരു ഉപകരണമാക്കി ഉപയോഗിച്ച് 35ലധികം വ്യത്യസ്തമായ അവസരങ്ങളില്‍ അതിനെ കുറിച്ചുപറയുകയും ചെയ്തു, ഇതൊക്കെ വളരെ സ്വാഭാവികമാണോ?’, ജയറാം രമേശ് ചോദിച്ചു.
അതേസമയം, ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ തീരുമാനം ഇന്ത്യ-യു.എസ് നയതന്ത്രബന്ധത്തെ പോലും ഉലച്ചതോടെ സാഹചര്യം മയപ്പെടുത്താനായി കൂടുതല്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്ത്യയുമായി ചര്‍ച്ച തുടരുകയാണെന്ന് ട്രംപ് തുറന്നുപറഞ്ഞിരുന്നു.
വ്യാപാര ചര്‍ച്ചകളില്‍ വിജയകരമായ ലക്ഷ്യത്തിലെത്താന്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ പ്രയാസമുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. വരും ആഴ്ചകളില്‍ തന്നെ തന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
പിന്നാലെ തന്നെ മറുപടിയുമായി പ്രധാനമന്ത്രി മോദി രംഗത്തെത്തിയിരുന്നു. ‘ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ ഇന്ത്യയും യു.എസും തമ്മിലുള്ള പരിധികളില്ലാത്ത സാധ്യതകള്‍ തുറക്കാന്‍ വഴിയൊരുക്കും.
ഇന്ത്യയും യു.എസും സ്വാഭാവിക പങ്കാളികളും അടുത്ത സുഹൃത്തുക്കളുമാണ്. വ്യാപാര ചര്‍ച്ചകള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കേണ്ടതുണ്ട്. പ്രസിഡന്റ് ട്രംപുമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, മോദി എക്‌സില്‍ കുറിച്ചു.
രണ്ട് രാഷ്ട്രത്തിനും കൂടുതല്‍ തിളക്കമാര്‍ന്നതും സമൃദ്ധമായതുമായ ഭാവി ഉറപ്പാക്കാന്‍ ഇരുകൂട്ടരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞിരുന്നു. ഈ പോസ്റ്റ് ട്രംപ് തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
Ciontent Highlight: Is this natural partner? -Congress questioned Modi and Trump