ഇതാണോ തിരിച്ചടി? ശത്രുവായ ചൈനയുടെ പ്രകോപനത്തിനിടയില്‍ ഷി ജിന്‍പിങ്ങിന് ഹസ്തദാനം നല്‍കിയ മോദിക്ക് എതിരെ കോണ്‍ഗ്രസ്
India
ഇതാണോ തിരിച്ചടി? ശത്രുവായ ചൈനയുടെ പ്രകോപനത്തിനിടയില്‍ ഷി ജിന്‍പിങ്ങിന് ഹസ്തദാനം നല്‍കിയ മോദിക്ക് എതിരെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st August 2025, 3:21 pm

ന്യൂദല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം.

ഇന്ത്യക്ക് എതിരെ ചൈന തുടരുന്ന ശത്രുതാ മനോഭാവം മറന്നുകൊണ്ട് ചൈനയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയതിന് എതിരെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

അതിര്‍ത്തിയിലടക്കം തുടര്‍ച്ചയായി പ്രകോപിപ്പിച്ചിട്ടും ചൈനീസ് പ്രസിഡന്റിന് പ്രധാനമന്ത്രി പുഞ്ചിരിച്ചുകൊണ്ട് ഹസ്തദാനം നല്‍കിയതിന് എതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ചൈനക്ക് എതിരെ ശക്തമായി നില്‍ക്കാന്‍ മോദിക്ക് സാധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വിമര്‍ശിച്ചു.

ചൈനയിലെ ടിയാന്‍ജിങില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമിതി ഉച്ചകോടിക്കിടെയാണ് മോദിയും ഷി ജിങ്ങ്പിനും കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

ഞായറാഴ്ച നടന്ന ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ച

ഗാല്‍വാന്‍ താഴ്‌വരയില്‍ വെച്ച് ഇന്ത്യയുടെ ഇരുപത് ധീര ജവാന്‍മാരുടെ ജീവന്‍ ചൈന അപഹരിച്ച സംഭവത്തെയും മോദിയെ കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാന് വിവരങ്ങള്‍ കൈമാറി ചൈന പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചെന്നും കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.

ഇത്തരത്തിലുള്ള ചൈനയുടെ ക്രൂരമായ നടപടികള്‍ക്ക് നരേന്ദ്രമോദി സ്വീകരിച്ച കര്‍ശന നടപടിയാണ് പുഞ്ചിരിയോടെ ചൈനീസ് പ്രസിഡന്റിന് നല്‍കിയ ഹസ്തദാനം എന്ന് കോണ്‍ഗ്രസ് കുറിപ്പില്‍ പരിഹസിക്കുന്നുണ്ട്.

മോദി സര്‍ക്കാരിന്റെ ഭീരുത്വ നിലപാടും പിഴവുകളുള്ള സാമ്പത്തികനയവും കാരണം ശത്രുവായ ചൈനക്ക് എതിരെ മൃദുനയം പിന്തുടരേണ്ടി വന്നിരിക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ചൈനയുടെ ആക്രമണത്തെ ചെറുക്കാന്‍ മോദി സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും മോദി ചൈനയെ ഭയപ്പെടുന്നതായും മുമ്പ് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന 2,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈയ്യടക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യത്തിന് എതിരെ ചൈന നടത്തുന്ന ആക്രമണങ്ങളില്‍ മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം.

അതേസമയം, ഞായറാഴ്ച നടന്ന മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ഇന്ത്യയെ സുപ്രധാന സുഹൃത്ത് എന്നാണ് ചൈന വിശേഷിപ്പിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്.

യു.എസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം താരിഫ് ചുമത്തിയതിന് പിന്നാലെ ഇന്ത്യ ചൈനയുമായി അടുക്കുന്നത് ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

Content Highlight: Is this a setback? Congress slams Modi for shaking hands with Xi Jinping