എഡിറ്റര്‍
എഡിറ്റര്‍
പശുവിനെ കൊല്ലാന്‍ മാത്രം ധൈര്യമുള്ളവര്‍ കേരളത്തിലുണ്ടോ? വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍
എഡിറ്റര്‍
Thursday 6th April 2017 9:34am

കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉയര്‍ത്തിവിട്ട ബീഫ് വിവാദം ബി.ജെ.പി ആളി കത്തുന്നു. വിവാദത്തെ ഏറ്റെടുത്തും വെല്ലുവിളിച്ചും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്. പശുവിനെ കൊല്ലാന്‍ കേരളത്തില്‍ അനുവദിക്കില്ലെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കി. മനോരമ ന്യൂസിന്റെ തെരഞ്ഞെടുപ്പ് സംവാദത്തില്‍ പങ്കെടുക്കവെയായിരുന്നു സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലാന്‍ ധൈര്യമുളളവരെ വെല്ലുവിളിക്കുന്നു എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ബീഫ് വിഷയത്തില്‍ മലപ്പുറത്ത് ബിജെപിക്ക് നിലപാടില്ലെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴായിരുന്നു സുരേന്ദ്രന്റെ ഇത്തരത്തിലുളള പ്രതികരണം.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മലപ്പുറത്തുകാര്‍ക്ക് ഹലാലായ ബീഫ് കഴിക്കാന്‍ ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന്റെ പ്രസ്താവനയാണ് ബി.ജെ.പിക്കുളളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബീഫ് പരാമര്‍ശം ദേശീയതലത്തിലും ചര്‍ച്ചയായിരുന്നു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. ബീഫുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഒരോ സംസ്ഥാനത്തും വ്യത്യസ്ത്യ നിലപാടാണെന്ന് വിമര്‍ശിക്കുന്നതിനോടൊപ്പം ബിജെപിക്ക് ഇരട്ടത്താപ്പാണെന്ന് പരിഹസിക്കുകയും ചെയ്യുന്നു.

കൂടാതെ മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ച് മിണ്ടാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും സാമ്നയിലൂടെ ശിവസേന ചോദിച്ചിരുന്നു. തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം വിശദീകരണം തേടുകയും അതോടെ ശ്രീപ്രകാശ് നിലപാട് മയപ്പെടുത്തുകയും ചെയ്തിരുന്നു. ബീഫ് നിരോധിക്കാത്തിടത്തോളം കാലം അതിന്റെ വില്‍പ്പന തടയില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.


Also Read: പൊലിസിന്റെ മനോവീര്യം; ഇ.എം.എസിനെ ഉദ്ധരിച്ച് പിണറായി വിജയന് എം.എ ബേബിയുടെ മറുപടി


ഗോവധ നിരോധനം എന്ന ബിജെപിയുടെ പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ല. ഗോവധം നിരോധിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ താന്‍ പറഞ്ഞതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ് ഉണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പിന്നാലെയാണ് ബീഫ് വിഷയവും ഗോവധവും തെരഞ്ഞെടുപ്പില്‍ വീണ്ടും ചര്‍ച്ചയാക്കാനുറച്ച് കെ. സുരേന്ദ്രന്‍ എത്തുന്നത്.

Advertisement