പട്ടേല്‍ ആര്‍.എസ്.എസിനെ നിരോധിച്ചതിന് തെളിവുണ്ട്; ബാബരി മസ്ജിദ്-നെഹ്‌റു വിഷയത്തില്‍ തെളിവുണ്ടോ? രാജ്‌നാഥ് സിങ്ങിനോട് കോണ്‍ഗ്രസ്
India
പട്ടേല്‍ ആര്‍.എസ്.എസിനെ നിരോധിച്ചതിന് തെളിവുണ്ട്; ബാബരി മസ്ജിദ്-നെഹ്‌റു വിഷയത്തില്‍ തെളിവുണ്ടോ? രാജ്‌നാഥ് സിങ്ങിനോട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd December 2025, 9:47 pm

ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരായ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്.

ബാബ്‌റി മസ്ജിദ് നിര്‍മിക്കാനായി സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കാന്‍ നെഹ്‌റു ആഗ്രഹിച്ചിരുന്നെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുതന്നെ ഇത്തരത്തില്‍ തെറ്റായ കഥകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് എം.പി ഇമ്രാന്‍ മസൂദ് പറഞ്ഞു.

‘സര്‍ക്കാരിന്റെ ഭാഗമായ രാജ്‌നാഥ് സിങ്ങ്, അദ്ദേഹത്തിന്റെ പരാമര്‍ശം തെളിയിക്കാന്‍ തെളിവുകള്‍ നല്‍കണം. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ബി.ജെ.പിയുടെ മാതൃസംഘടന ആര്‍.എസ്.എസിന്റെ മാനസികാവസ്ഥക്കെതിരെ പറഞ്ഞതും കത്തെഴുതി നിരോധിച്ചതും രേഖകളായി തന്നെ നമ്മുടെ മുന്നിലുണ്ട്. സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ വ്യാജപ്രചരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്,’ ഇമ്രാന്‍ മസൂദ് വിശദീകരിച്ചു.

ജവഹര്‍ ലാല്‍ നെഹ്‌റു ബാബരി മസ്ജിദിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ അവകാശവാദം.

അന്ന് അതിനെ എതിര്‍ത്തത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മാത്രമായിരുന്നു. പട്ടേല്‍ യഥാര്‍ത്ഥത്തില്‍ മതേതരനായിരുന്നെന്നും പ്രീണനത്തില്‍ വിശ്വസിച്ചിരുന്നില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞിരുന്നു. പൊതുപണം ബാബരി മസ്ജിദ് നിര്‍മാണത്തിന് ഉപയോഗിക്കാന്‍ പട്ടേല്‍ അനുവദിച്ചില്ലെന്നും ഗുജറാത്തിലെ വഡോദരയില്‍ വെച്ച് നടന്ന സര്‍ദാര്‍ സഭ എന്ന പരിപാടിക്കിടെ രാജ്‌നാഥ് സിങ് അവകാശപ്പെട്ടു.

ഇതിനിടെ, പ്രതിരോധമന്ത്രിയുടെ വാദത്തിനെതിരെ നേരത്തെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. ‘നെഹ്‌റു-ബാബരി മസ്ജിദ് ‘ പരാമര്‍ശം പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

ഇവയെല്ലാം ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളാണ്, ചര്‍ച്ചചെയ്യപ്പെടേണ്ട മറ്റു പല പ്രധാന വിഷയങ്ങളുമുണ്ട്. എന്നാല്‍ പുതിയകാര്യങ്ങള്‍ കൊണ്ടുവന്ന് ശ്രദ്ധ തിരിക്കുന്നതിലൂടെ ജനങ്ങളുടെ ആശങ്കകളെകുറിച്ച് സംസാരിക്കാന്‍ നമുക്ക് കഴിയാതാവുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

ഇത്തരം വിഷയങ്ങളില്‍ പ്രതികരിച്ച് സമയം കളയേണ്ടതില്ലെന്നായിരുന്നു ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി.

Content Highlight: There is evidence that Patel banned RSS; Is there evidence on Babri Masjid-Nehru issue? Congress asks Rajnath Singh