മഞ്ജു വാര്യരെയോ കാവ്യ മാധവനെയോ അപകീര്‍ത്തിപ്പെടുത്തുന്നതിനോട് താല്‍പര്യമില്ല; ഇത്തരം കാര്യങ്ങള്‍ വെച്ചല്ല സ്ട്രാറ്റജൈസ് ചെയ്യേണ്ടത്: രാഹുല്‍ ഈശ്വര്‍
Kerala News
മഞ്ജു വാര്യരെയോ കാവ്യ മാധവനെയോ അപകീര്‍ത്തിപ്പെടുത്തുന്നതിനോട് താല്‍പര്യമില്ല; ഇത്തരം കാര്യങ്ങള്‍ വെച്ചല്ല സ്ട്രാറ്റജൈസ് ചെയ്യേണ്ടത്: രാഹുല്‍ ഈശ്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st April 2022, 10:07 am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരെയോ കാവ്യ മാധവനെയോ അപകീര്‍ത്തിപ്പെടുത്തുന്നതിനോട് താല്‍പര്യമില്ലെന്ന് രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റേഴ്‌സ് അവറിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

‘ഞാന്‍ ശക്തമായി ദിലീപിനെ അനുകൂലിക്കുന്ന വ്യക്തിയാണ്. പക്ഷെ ഒരു കാരണവശാലും മഞ്ജു വാര്യരെയോ കാവ്യ മാധവനെയോ മറ്റേതെങ്കിലും സ്ത്രീയെയോ അപകീര്‍ത്തിപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അതിലൊന്നും ഒരു മര്യാദയുമില്ല. വേറെ എത്ര പോയിന്റുകളുണ്ട്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന മുന്‍വിധികള്‍ ഉപയോഗിച്ച് ഏത് സ്ത്രീയെയാണെങ്കിലും, അത് മഞ്ജു വാര്യരാണെങ്കിലും അതിജീവിതയാണെങ്കിലും വ്യക്തഹത്യ ചെയ്യുന്നത് ശരിയായ കാര്യമല്ല. കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ സ്ട്രാറ്റജൈസ് ചെയ്യണം. പക്ഷെ ഇത്തരം കാര്യങ്ങള്‍ വെച്ചല്ല സ്ട്രാറ്റജൈസ് ചെയ്യേണ്ടത്.

ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. വേറെ ഒരുപാട് പോയിന്റുകള്‍ ഇക്കാര്യത്തില്‍ പറയാനുണ്ടായിരുന്നെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍,’ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

മഞ്ജു വാര്യര്‍ മദ്യപാനിയായിരുന്നുവെന്നും മഞ്ജു ഡാന്‍സ് ചെയ്യാന്‍ പോകുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ലെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിഭാഷകനും ദിലീപിന്റെ സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണത്തില്‍ പറയുന്നുണ്ട്.

മഞ്ജുവിന് സ്‌നേഹം മഞ്ജുവിനോട് മാത്രം, പുതിയ സൗഹൃദവലയത്തിലാണ് അവരുള്ളത്. 2012 മുതല്‍ പുറത്തുപോകുന്നതിനേക്കുറിച്ച് വീട്ടില്‍ പറയാതായി. ഇത് കുടുംബത്തിലെ രീതികള്‍ക്ക് വിപരീതമാണ് എന്നും പറയണമെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നുണ്ട്.

മഞ്ജുവിനെതിരെ വന്ന സംഭാഷണത്തില്‍ വിശദീകരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിരുന്നു.

മഞ്ജു തോന്നിയത് പോലെ ആരോടും പറയാതെയും ഒന്നും ചോദിക്കാതെയും നടക്കുകയായിരുന്നു എന്നൊക്കെയുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഗുരുവായൂര്‍ ഡാന്‍സ് കളിക്കാന്‍ പോവുന്നതിന് മുമ്പൊക്കെ ഞാന്‍ മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ട്. ദിലീപിനോട് വ്യക്തമായി സമ്മതം ചോദിച്ചാണ് പോയതെന്നും മഞ്ജു പറഞ്ഞിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു

ഡാന്‍സ് കളിക്കുന്നതിന് മുമ്പ് ദീലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായി സംസാരിച്ചതായും മഞ്ജു പറഞ്ഞിട്ടുണ്ട്. ഇതൊന്നും മഞ്ജു എന്ന വ്യക്തി പുറത്ത് പറയാത്തത് കൊണ്ട്, അവരെ കുറിച്ച് എന്ത് തോന്നിവാസവും പറയുക എന്നുള്ളത് സങ്കടകരമായ കാര്യമാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Content Highlights: Is not interested in defaming Manju Warrier and Kavya Madhavan: Rahul Easwar