മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പാകിസ്ഥാന്‍
world
മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പാകിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd March 2019, 6:19 pm

ഇസ്ലാമാബാദ്: ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ പാകിസ്ഥാന്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല. പാക് സൈന്യം ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സി.എന്‍.എന്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മസൂദ് അസര്‍ കടുത്ത രോഗബാധിതനായിരുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി മുമ്പ് വെളിപ്പെടുത്തിയിരുന്നു. മസൂദ് അസ്ഹര്‍ കടുത്ത വൃക്കരോഗം നേരിടുകയാണ്. ഇയാള്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ പതിവായി ഡയാലിസിസ് നടത്തിവരികയാണെന്നും തൊട്ടുപിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കാണ്ഡഹാര്‍ വിമാന റാഞ്ചലിന് പിന്നാലെ മസൂദിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. 1999 ഡിസംബര്‍ 31നാണ് ഇയാളെ ഇന്ത്യ വിട്ടയച്ചത്.