മമ്മൂട്ടി, അമല്‍ നീരദ്, ദുല്‍ഖര്‍ സല്‍മാന്‍; പുതിയ ചിത്രം ഉടനെന്ന് സോഷ്യല്‍ മീഡിയ പ്രചരണം
Entertainment news
മമ്മൂട്ടി, അമല്‍ നീരദ്, ദുല്‍ഖര്‍ സല്‍മാന്‍; പുതിയ ചിത്രം ഉടനെന്ന് സോഷ്യല്‍ മീഡിയ പ്രചരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th September 2023, 8:13 pm

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം സംബന്ധിച്ച പ്രഖ്യാപനം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 7 ന് ഉണ്ടാവുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം.

മലയാള ചിത്രങ്ങളുടെ യു.കെയിലെ വിതരണക്കാരായ ആര്‍.എഫ്.ടി ഫിലിംസ് എക്‌സില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. അമല്‍ നീരദിന്റെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പമാണെന്നും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 7 ന് പ്രഖ്യാപനം ഉണ്ടാവുമെന്നും വലിയ ഒന്നാണ് വരാനിരിക്കുന്നതെന്നുമാണ് അവരുടെ പോസ്റ്റ്.

മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെയാണ് ഈ പ്രചാരണത്തെ സ്വീകരിച്ചിരിക്കുന്നത്. സിനിമാപ്രേമികളുടെ എക്കാലത്തെയും കാത്തിരിപ്പ് ആയ മമ്മൂട്ടി- ദുല്‍ഖര്‍ കോമ്പിനേഷന്‍ ഈ ചിത്രത്തിലൂടെ സംഭവിക്കുമോ എന്ന് അറിയാനാണ് അവര്‍ കാത്തിരിക്കുന്നത്. അമല്‍ നീരദ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ബിഗ് ബി സീക്വല്‍ ബിലാല്‍ ആയിരിക്കുമോ ഈ പ്രോജക്റ്റ് എന്നതാണ് അറിയേണ്ടുന്ന പ്രധാന കാര്യം. നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിലാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ മുന്നിലേക്ക് നീണ്ട പ്രോജക്റ്റ് ആണ്.

മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും നിര്‍മ്മാതാവുമായ ജോര്‍ജ് ഇന്‍സ്റ്റഗ്രാമില്‍ ഇന്ന് ഇട്ട പോസ്റ്റ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കാര്യമായി പങ്കുവെക്കുന്നുണ്ട്. ഭീഷ്മ പര്‍വ്വത്തിന്റെ ആദ്യം പുറത്തെത്തിയ സ്റ്റില്‍ ആണ് വിശദീകരണങ്ങളൊന്നുമില്ലാതെ ജോര്‍ജ് പങ്കുവച്ചിരിക്കുന്നത്. ഇത് പുതിയ അമല്‍- മമ്മൂട്ടി ചിത്രത്തിന്റെ സൂചനയായാണ് സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗം എടുത്തിരിക്കുന്നത്. ഏതായാലും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബി.ഉണ്ണി കൃഷ്ണനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

നിലവില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ഒരു ദുര്‍മന്ത്രവാദിയുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍.എല്‍.പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടതും ചിത്രീകരണം ആരംഭിച്ചതും ഇക്കഴിഞ്ഞ ചിങ്ങം 1 ന് ആയിരുന്നു.

Content Highlight: Is Mammooty new movie with amal neerad announcing on september 7 social media says