വിരാട് കോഹ്‌ലി സച്ചിനേക്കാള്‍ കേമനോ?
Daily News
വിരാട് കോഹ്‌ലി സച്ചിനേക്കാള്‍ കേമനോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th March 2016, 1:40 pm

Indian-Cricketers-Sachin-Tendulkar-and-Virat-Kohli-during-a-practice-session-ahead-of-test-match-between-India-and-West-Indies-2

മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഒരു നവംബര്‍ മാസം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാകാത്തതാണ്. ഇന്ത്യയില്‍ ക്രിക്കറ്റിനെ ഒരു മതമാക്കി ഉയര്‍ത്തിയ സച്ചിന്‍ രമേശ് തെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് പിച്ചിനോട് വിട പറഞ്ഞ ദിവസം. സച്ചിനൊപ്പം ഇന്ത്യയൊന്നാകെ കണ്ണീരണിഞ്ഞ ദിനം. ട്വന്റി20 ലോകകപ്പിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ജീവന്‍ മരണ പോരാട്ടത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം ക്രീസിനെ ചുംബിച്ച വിരാട് കോഹ്‌ലിയുടെ കണ്ണുകള്‍ നിറഞ്ഞതിനൊപ്പം കാണികളുടെ കണ്ണുകളിലേക്കും അത് പടര്‍ന്നത് അത്തരമൊരു സന്ദര്‍ഭമായിരുന്നു.

വിരാട് കോഹ്‌ലി എന്ന ക്രിക്കറ്ററുടെ വളര്‍ച്ചയ്ക്ക് സാക്ഷിയാകുകയായിരുന്നു ക്രിക്കറ്റ് ലോകം മുഴുവന്‍. കരിയറിലെ തന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് കാഴ്ചവെച്ച കോഹ്‌ലിക്ക് അഭിനന്ദന പ്രവാഹമായിരുന്നു. സമൂഹമാധ്യമങ്ങളിലെല്ലാം കോഹ്‌ലി നിറഞ്ഞു നിന്നു. നൂറുകോടിയിലേറെ ജനങ്ങളുടെ പ്രതീക്ഷകള്‍ ഒറ്റയ്ക്ക് ചുമലിലേറ്റി ക്രീസിലെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കോഹ്‌ലി കളിച്ച ഇന്നിംഗ്‌സ് എക്കാലവും ഇന്ത്യക്കാരുടെ ഓര്‍മ്മയില്‍ നിലനില്‍ക്കും. ഇപ്പോഴിതാ ഐ.സി.സി ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് കോഹ്‌ലി.

എന്നാല്‍ ഇതിനിടക്ക് റെക്കോര്‍ഡുകളെല്ലാം സ്വന്തം പേരിലാക്കി മുന്നേറുന്ന കോഹ്‌ലിയെ പലരും സച്ചിനുമായി താരതമ്യം ചെയ്യുകയാണ്. പ്രമുഖര്‍ പലരും ഇക്കൂട്ടത്തിലുണ്ടെന്നതാണ് വസ്തുത.

k sa innr

ഓസിസിനെതിരായ ഇന്നിംഗ്‌സിന് ശേഷം സച്ചിനോ കോഹ്‌ലിയോ കേമന്‍ എന്ന രീതിയില്‍ പലഭാഗത്തും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പലരും ഈ വിഷയത്തില്‍ അവരവരുടെ നിലപാടുകളുമായി രംഗത്തെത്തിയിട്ടുമുണ്ട്.

ടെസ്റ്റ് ടീമിന്റെ നായകനായത് മുതല്‍ കോഹ്‌ലിയാണ് ഇന്ത്യയുടെ പുതിയ താരശക്തിയെന്ന് വ്യക്തമായിരുന്നു. ഒരുവര്‍ഷത്തിനിപ്പറും ടീം ഇന്ത്യയെ നിര്‍ണായക ഘട്ടത്തില്‍ അവസരത്തിനൊത്ത് കളിയിലേക്ക് തിരിച്ചുകൊണ്ടുവരാനും നയിക്കാനുമുള്ള കോഹ്‌ലിയുടെ മിടുക്ക് അദ്ദേഹം ഏറെ വളര്‍ന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. കോഹ്‌ലിയെ ടെസ്റ്റ് ക്രിക്കറ്റിലെയോ പരിമിത ഓവര്‍ ക്രിക്കറ്റിലെയോ നായകാനായി മാത്രം പരിഗണിക്കേണ്ടതല്ല. ഇനി വരാനിരിക്കുന്നത് അദ്ദേഹത്തിന്റെ യുഗമാണ്. അത് തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ഗാവസ്‌കര്‍ പറഞ്ഞത്.

k innrr

എന്നാല്‍ സെവാഗിന്റെ വാക്കുകള്‍ നോക്കൂ, കോഹ്‌ലി ഇന്ത്യയുടെ പുതിയ സച്ചിന്‍ ആയി മാറുകയാണ്. അദ്ദേഹത്തിന്റെ കളി സൂക്ഷ്മമായി നോക്കുന്ന ഓരോരുത്തര്‍ക്കും അത് ബോധ്യമാകും. തെണ്ടുല്‍ക്കറുടെ കളി കണ്ടാണ് ഞാന്‍ വളര്‍ന്നതും കളി പഠിച്ചതും. തെണ്ടുല്‍ക്കര്‍ ഗാവാസ്‌കറുടേതെന്നതുപോലെ. ഗാവാസ്‌കറെ പോലെ കളിക്കുന്നു എന്ന് സച്ചിനോടും സച്ചിനെ പോലെ കളിക്കുന്നുവെന്ന് തന്നെകുറിച്ചും അന്ന് ആളുകള്‍ സംസാരിച്ചുതുടങ്ങിയിരുന്നു. ആ സ്ഥാനത്തേക്കാണ് കോഹ്‌ലിയും മാറുന്നത്.

കളിക്കളത്തിലെ കോഹ്‌ലിയുടെ പക്വതയെയും ഗവാസ്‌കറും സെവാഗും അഭിനന്ദിച്ചു. മത്സരം ചെയ്‌സ് ചെയ്ത് ജയിക്കുന്നതില്‍ കോഹ്‌ലി കാണിക്കുന്ന മനോഭാവം അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവാണെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്.
എന്നാല്‍ സച്ചിനൊപ്പം ദീര്‍ഘകാലം ഡ്രസ്സിങ് റൂം പങ്കിട്ട സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തില്‍ സച്ചിനേക്കാള്‍ കേമന്‍ കോഹ്‌ലിയാണ്. പ്രത്യേകിച്ചും റണ്‍സ് പിന്തുടര്‍ന്ന് ജയിക്കേണ്ട അവസരങ്ങളില്‍ കോഹ്‌ലി സച്ചിനേക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നു.

കണക്കുകളും ഈ വസ്തുത ശരിവെയ്ക്കുന്നതാണ്. 2012 ഏഷ്യാകപ്പില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 330 റണ്‍സ് പിന്തുടരുമ്പോള്‍ വെറും 148 പന്തില്‍ നിന്നും കോഹ്‌ലി നേടിയ 183 റണ്‍സും, 2014ല്‍ റാഞ്ചിയില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 139 റണ്‍സും ഇതിന് അടിവരയിടുന്നതാണ്.

ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന കപില്‍ ദേവിന്റെ അഭിപ്രായത്തില്‍ കോഹ്‌ലി വിവിയന്‍ റിച്ചാഡ്‌സ്, ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ്ങ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെക്കാളെല്ലാം മികച്ച ബാറ്റ്‌സ്മാനാണ്.

k innr

കോഹ്‌ലിയുടേയും സച്ചിന്റേയും കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഏകദിനത്തില്‍ വേഗത്തില്‍ 7,000 റണ്‍സ് തികച്ച സച്ചിന്റെ റെക്കോര്‍ഡ് കോഹ്‌ലി മറികടന്നിരുന്നു. അതുപോലെ റണ്‍സ് പിന്തുടര്‍ന്ന 91 മത്സരങ്ങളില്‍ നിന്ന് കോഹ്‌ലി സ്വന്തമാക്കിയത് 15 സെഞ്ച്വറികളാണ്. എന്നാല്‍ സച്ചിന്റെ 49 ഏകദിന സെഞ്ച്വറികളില്‍ 17 എണ്ണം മാത്രമാണ് റണ്‍സ് പിന്തുടര്‍ന്ന232 മത്സരങ്ങളില്‍ നിന്ന് നേടിയതായിട്ടുള്ളത്.

ഇത്തരം താരതമ്യങ്ങള്‍ നടക്കുമ്പോള്‍ തന്നെ ഇരുവരും കളിച്ച സമയവും സാഹചര്യവും വ്യത്യസ്തമാണെന്ന വസ്തുത നിലനില്‍ക്കുന്നു. മികച്ച ടീമുകളും അതിലേറെ മികച്ച ബൗളര്‍മാരും ഉള്ള കാലഘട്ടത്തിലായിരുന്നു സച്ചിന്‍ തന്റെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നത്. എന്നാല്‍ കോഹ്‌ലിക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ്. ഫീല്‍ഡിംഗ് നിയമങ്ങളടക്കം ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങളിലാണ് കോഹ്‌ലി കളിക്കുന്നത്.

മൈക്കല്‍ വോണ്‍, സനത്ത് ജയസൂര്യ, അനില്‍ കുംബ്ലെ, ഷെയ്ന്‍ വോണ്‍, വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങി പലമുന്‍താരങ്ങളും കേഹ്‌ലിയുടെ മികവിനെ വാഴ്ത്തുന്നവരാണ്.

എന്തൊക്കെയാണെങ്കിലും ഇന്ത്യയില്‍ ക്രിക്കറ്റ് എന്ന മതത്തിന് ഒരു വിഗ്രഹം മാത്രമേയുള്ളൂ അത് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ്. മറിച്ച് ചിന്തിപ്പിക്കാന്‍ കോഹ്‌ലിക്ക് കഴിയുമോ എന്നത് കാലം തെളിയിക്കും. മറ്റെല്ലാമുപരി ഇത് ആ 22 വാരയ്ക്കിടയില്‍ നടക്കുന്ന മത്സരത്തിന്റെ വിജയം തന്നെയാണ്.