ശല്യക്കാരനായ ആദര്‍ശക്കാരന്‍; ബിജു സോപാനം റൂട്ട് മാറ്റാറായോ
Film News
ശല്യക്കാരനായ ആദര്‍ശക്കാരന്‍; ബിജു സോപാനം റൂട്ട് മാറ്റാറായോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th June 2022, 10:03 pm

ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്ത ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്. ജൂണ്‍ 24നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രധാനകഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ കാഴ്ച വെച്ചത്.

**************************spoliler alert*************************

പ്രിയനെ പോലെ തന്നെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മറ്റൊരു കഥാപാത്രമാണ് ബിജു സോപാനത്തിന്റെ കുട്ടന്‍. പ്രിയന്റെ കുട്ടിക്കാലത്ത് അവന് പുതിയൊരു ദിശാബോധം നല്‍കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് കുട്ടനാണ്. എന്നാല്‍ ഇതേ കുട്ടന്‍ തന്നെയാണ് പടിക്കലോളമെത്തിയ പ്രിയന്റെ സ്വപ്‌നത്തിന് വിഘാതം നില്‍ക്കുന്നതും.

ജോലിക്ക് പോകാതെ, ഇനി പോയാല്‍ തന്നെ അവിടെ പ്രശ്‌നങ്ങളുണ്ടാക്കുന്ന, ഉത്തരവാദിത്ത ബോധമില്ലാത്ത നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ശല്യമാവുന്ന എന്നാല്‍ ആര്‍ക്കും പ്രയോചനമില്ലെങ്കിലും ചില ആദര്‍ശങ്ങളുള്ള കഥാപാത്രമാണ് കുട്ടന്‍. ഈ വേഷങ്ങളിലേക്ക് ബിജു സോപാനം സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. അടുത്തിടെ പുറത്ത് വന്ന ചില ചിത്രങ്ങളില്‍ സമാനമായ കഥാപാത്രങ്ങളെ ബിജു സോപാനം അവതരിപ്പിച്ചിട്ടുണ്ട്. കുട്ടന്‍പിള്ളയുടെ ശിവരാത്രി, ലവ് ആക്ഷന്‍ ഡ്രാമ, ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങളിലും അലസനോ ശല്യക്കാരനോ ഉത്തരവാദിത്തമില്ലത്തവനോ ഒക്കെയാണ് ബിജു സോപാനത്തിന്റെ കഥാപാത്രങ്ങള്‍.

എന്തായാലും സിനിമയുടെ പല ഭാഗങ്ങളിലും പ്രേക്ഷകരില്‍ ചിരിയുണര്‍ത്താന്‍ ബിജുവിന്റെ കഥാപാത്രത്തിനാവുന്നുണ്ട്.

ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, അശോകന്‍, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആര്‍.ജെ, കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Content Highlight: is it time to change the route of  Biju Sopanam in acting