ഇന്‍സ്റ്റഗ്രാം മനപൂര്‍വം അടിമപ്പെടുത്തുന്നു; കുട്ടികളെ ചൂഷണം ചെയ്യുന്നു; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ കോടതിയില്‍ സുക്കര്‍ബര്‍ഗ്
Meta
ഇന്‍സ്റ്റഗ്രാം മനപൂര്‍വം അടിമപ്പെടുത്തുന്നു; കുട്ടികളെ ചൂഷണം ചെയ്യുന്നു; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ കോടതിയില്‍ സുക്കര്‍ബര്‍ഗ്
അനിത സി
Thursday, 19th February 2026, 8:47 am

ലോസ് ആഞ്ചലസ്: മെറ്റ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം മനപൂര്‍വം കുട്ടികളെ അടമികളാക്കുന്നുവെന്നും ചൂഷണം ചെയ്യുകയുമാണെന്ന പരാതിയില്‍ കോടതിയില്‍ ഹാജരായി മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്.

ഇന്‍സ്റ്റഗ്രാം ആസക്തിയുണ്ടാക്കുന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആണോയെന്ന ചോദ്യത്തിനോട് സുക്കര്‍ബര്‍ഗ് പ്രതികരിച്ചില്ല. ‘ഈ ചോദ്യത്തോട് എന്ത് പറയണമെന്ന് എനിക്കറിയില്ല. ഇവിടെ അത് ബാധകമാണെന്ന് കരുതുന്നില്ല’, എന്നായിരുന്നു സുക്കര്‍ബര്‍ഗിന്റെ മറുപടി.

ഒമ്പതാം വയസുമുതല്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് അടിമപ്പെട്ടെന്നും പിന്നീട് വിഷാദരോഗത്തിനും ആത്മഹത്യാ ചിന്തയ്ക്കും കാരണമായെന്നും ആരോപിച്ച് 20കാരി നല്‍കിയ ഹരജിയിലാണ് സുക്കര്‍ബര്‍ഗ് കോടതിയിലെത്തിയത്.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബും മെറ്റ പ്ലാറ്റ്‌ഫോമുകളുമാണ് കേസില്‍ വിചാരണ നേരിടുന്നത്. സ്‌നാപ്പ് ചാറ്റും ടിക് ടോക്കും വാദത്തിന് മുമ്പ് തന്നെ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി.

ഇന്‍സ്റ്റഗ്രാമിന് അടിമയായി തീര്‍ന്ന യുവതിയുടെ മാനസികാരോഗ്യം തകര്‍ത്തത് കുടുംബസാഹചര്യങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആയിരിക്കുമെന്ന് മെറ്റ കോടതിയില്‍ വാദിച്ചു.

13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ നയിന്ത്രണമുണ്ടെങ്കിലും 2019 വരെ ഇത്തരത്തില്‍ നിയന്ത്രണമുണ്ടായിരുന്നില്ലെന്നും ഒമ്പതാമത്തെ വയസുമുതലാണ് താന്‍ ഇന്‍സ്റ്റ ഉപയോഗിച്ച് തുടങ്ങിയതെന്നും ഹരജിക്കാരി കോടതിയെ ബോധിപ്പിച്ചു.

പ്രായ നിയന്ത്രണങ്ങള്‍ മറികടന്ന് ഇന്‍സ്റ്റ ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എങ്കിലും അത് ശരിയല്ലെന്നാണ് മെറ്റയുടെ നയമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

കൂടുതല്‍ സമയം ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതിനായി ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സമയമല്ല കമ്പനി ലക്ഷ്യം വെയ്ക്കുന്നതെന്നും ഉപയോഗക്ഷമതയും മൂല്യവും വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

വിലപ്പെട്ട എന്തെങ്കിലും കാര്യമാണ് ചെയ്യുന്നതെങ്കില്‍ കൂടുതല്‍ സമയം അതിനായി ചെലവഴിക്കുമെന്നാണ് കമ്പനിയുടെ നിഗമനമെന്നും സുക്കര്‍ബര്‍ഗ് കോടതിയില്‍ വിശദീകരിച്ചു.

അതേസമയം കേസില്‍ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെവഴിക്കുന്നതെന്നുമായിരുന്നു മെറ്റ സി.ഇ.ഒയുടെ മറുപടി.

എന്നാല്‍ മെറ്റയുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇരകള്‍ക്ക് എത്ര പണമാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്ന ചോദ്യത്തോട് നിങ്ങളുടെ ചോദ്യത്തോട് വിയോജിക്കുന്നുവെന്നും സുക്കര്‍ബര്‍ഗ് മറുപടി നല്‍കി

കഴിഞ്ഞയാഴ്ച കോടതിയില്‍ ഹാജരായ ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മൊസേരി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോക്താക്കളെ ക്ലിനിക്കലായി അടിമകളാക്കുന്നുവെന്ന ആശയത്തോട് വിയോജിക്കുന്നതായി അറിയിച്ചിരുന്നു.

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന യുവാക്കളെ സംരക്ഷിക്കാന്‍ കമ്പനി കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലാഭകരവും ജനങ്ങളുടെ ക്ഷേമത്തിന് എതിരായതുമായ തീരുമാനങ്ങളെടുക്കുന്നത് കമ്പനിക്ക് തിരിച്ചടിയാണെന്ന തിരിച്ചറിവുണ്ടെന്നും മൊസേരി പറഞ്ഞിരുന്നു.

സമാനമായ കേസില്‍ ന്യൂമെക്‌സിക്കോയിലും മെറ്റ വിചാരണ നേരിടുന്നുണ്ട്.

Content Highlight: Is Instagram Addictive? Zuckerberg in court without answering questions

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍