കയ്യടിയല്ല നടപടികളാണ് വേണ്ടത്; ഇന്ത്യന്‍ ആരോഗ്യമേഖല കൊവിഡിനെ നേരിടാന്‍ പര്യാപ്തമോ?
ന്യൂസ് ഡെസ്‌ക്

കയ്യടിയല്ല നടപടികളാണ് വേണ്ടതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ കാലങ്ങളായുള്ള പ്രതിസന്ധികളാണ് ആരോഗ്യപ്രവര്‍ത്തരെ കൊവിഡ്-19 പശ്ചാത്തലത്തില്‍ ആശങ്കാകുലരാക്കുന്നത്. വിശദാംശങ്ങളിലേക്ക്

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ്-19 ഇന്ത്യയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം ഘട്ടമായ സമൂഹവ്യാപനം അഥവാ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരാന്‍ വലിയ ദൂരമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഒരുപക്ഷേ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ സമൂഹവ്യാപനത്തിലേക്ക് എത്തിയിരിക്കാമെന്നും ആവശ്യത്തിന് ടെസ്റ്റുകള്‍ നടത്താതുകൊണ്ടായിരിക്കാം നമ്മള്‍ അറിയാതെ പോകുന്നതെന്നു കൂടി ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചൈന, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം കൊവിഡിന്റെ അടുത്ത ഹോട്ട്‌സ്‌പോട്ടാകാന്‍ സാധ്യത ഇന്ത്യക്കാണെന്നും ഇപ്പോഴുള്ള കണക്കുകളും ഇന്ത്യയുടെ ആരോഗ്യമേഖലയുടെ സ്ഥിതിയും കണക്കിലെടുത്ത് നിരവധി പേര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഈയടുത്ത കാലത്ത് വന്ന റിപ്പോര്‍ട്ടുകളൊന്നും ഇന്ത്യയുടെ ആരോഗ്യമേഖലയെക്കുറിച്ച് അത്ര ശുഭകരമായ വാര്‍ത്തകളല്ല പങ്കുവെക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 84,000 പേര്‍ക്ക് ഒരു ഐസോലേഷന്‍ ബെഡ് എന്ന നിലയിലാണ് ഇപ്പോഴുള്ളത്. 36,000 പേര്‍ക്ക് ഒരു ക്വാറന്റൈന്‍ ബെഡും. ഇത് ഹോസ്പിറ്റല്‍ ബെഡിന്റെ കാര്യത്തിലെത്തുമ്പോള്‍ 1,826 പേര്‍ക്ക് 1 എന്ന നിലയിലും. ഇതിനേക്കാള്‍ സൗകര്യങ്ങളുള്ള ഇറ്റലിയിലും സ്‌പെയ്‌നിലുമെല്ലാം ആയിരങ്ങളാണ് കൊവിഡ് മൂലം മരണപ്പെട്ടത് എന്നുകൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് വരാന്‍ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി കുറച്ചുകൂടി വ്യക്തമാകുന്നത്.

നിലവാരം കുറഞ്ഞ ആരോഗ്യപരിരക്ഷ സംവിധാനങ്ങള്‍ മൂലം ആളുകള്‍ മരിക്കുന്നതില്‍ മറ്റു വികസ്വര രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. കൂടാതെ ആരോഗ്യസംവിധാനങ്ങളില്‍ നഗരപ്രദേശങ്ങളും ഗ്രാമങ്ങളുമായി വലിയ അന്തരമാണുള്ളത്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയിലെ ആശുപത്രികളില്‍ 6 ലക്ഷം ഡോക്ടര്‍മാരുടെയും 20 ലക്ഷം നഴ്‌സുമാരുടെയും കുറവുണ്ടെന്നാണ് പറയുന്നത്.

ഇന്ത്യയില്‍ നിലവില്‍ 11,600 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയിലാണ് റേഷ്യോ. എല്ലാ രാജ്യത്തും 1000 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയിലെങ്കിലും കാര്യങ്ങള്‍ എത്തണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.

ആരോഗ്യമേഖലക്ക് വേണ്ടി ബജറ്റില്‍ നിന്നും വളരെ കുറഞ്ഞ വിഹിതം നീക്കിവെക്കുന്ന ഇന്ത്യയില്‍ ഓരോ വ്യക്തിയും ചികിത്സയുടെ 65 ശതമാനം ചിലവും വഹിക്കുന്നത് സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ്. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ ആരോഗ്യമേഖലക്ക് വേണ്ടി ചിലവഴിക്കുന്നതിനേക്കാള്‍ ഏറെ കുറവാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ബജറ്റില്‍ ഈ മേഖലക്കായി നീക്കിവെക്കുന്നതും ചിലവാക്കുന്നതും. 2019 ലെ കണക്കുകള്‍ പ്രകാരം ജി.ഡി.പിയുടെ 1.28 ശതമാനമാണ് ഇന്ത്യ ആരോഗ്യരംഗത്തിനായി ചിലവഴിച്ചത്. നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്ന്ീ രാജ്യങ്ങളേക്കാളൊക്കെ പിറകിലാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. 2025 ആകുമ്പോഴേക്കും ജി.ഡി.പിയുടെ 2.25 ശതമാനം ആരോഗ്യരംഗത്തിനായി മാറ്റിവെക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. പക്ഷെ 2025 ആകുമ്പോഴേക്കും ജി.ഡി.പിയുടെ ആറ് ശതമാനം എന്ന നിലയിലായിരിക്കും ഗ്ലോബല്‍ അവറേജ് എത്തിനില്‍ക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാധാരണനിലയില്‍ പോലും പരിതാപകരമായ അവസ്ഥയില്‍ നീങ്ങുന്ന ആരോഗ്യസംവിധാനങ്ങളുള്ള രാജ്യത്ത് കൊവിഡ്-19 പോലൊരു മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ അതിനെ നേരിടാന്‍ നടത്തുന്ന ഒരുക്കങ്ങള്‍ ആവശ്യത്തിന് നടക്കുന്നില്ല എന്നതാണ് ആരോഗ്യപ്രവര്‍ത്തകരടക്കമുള്ളവരെ ആശങ്കപ്പെടുത്തുന്നത്.

തുടര്‍ന്നാണ് കൊറോണ വൈറസ് വ്യാപനകാലത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ പൗരന്മാര്‍ പാത്രങ്ങള്‍ കൂട്ടിയടിക്കണമെന്നും കയ്യടിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തള്ളി രാജ്യത്തെ ഒരുകൂട്ടം ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

കൈയ്യടികള്‍ അല്ല വേണ്ടത് പകരം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പ്രധാനമന്ത്രിയുടെ ആത്മാര്‍ത്ഥമായ ശ്രമമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് ട്വിറ്ററിലൂടെ നിരവധി പേര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ”ഞാന്‍ ഒരു സര്‍ക്കാര്‍ സര്‍ജനാണ്. എനിക്ക് ഒരുപക്ഷേ കൊവിഡ് ബാധിച്ചിട്ടുണ്ടാകാം. എനിക്ക് അറിയില്ല. എനിക്ക് ഇതുവരെ ടെസ്റ്റ് നടത്തിയിട്ടില്ല”, എന്നാണ് ഒരാളുടെ ട്വീറ്റ്.

എനിക്ക് താങ്കളുടെ കൈയ്യടിയല്ല വേണ്ടത്. എന്റെ ക്ഷേമം ഉറപ്പ് വരുത്താന്‍ താങ്കളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ആത്മാര്‍ത്ഥ ശ്രമമാണ് ആവശ്യം. സുരക്ഷക്കുള്ള ഉപകരണങ്ങളും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് മികച്ച സമീപനവുംമാണ് വേണ്ടത്. എനിക്ക് താങ്കളുടെ പ്രവൃത്തിയില്‍ വിശ്വാസം ഉണ്ടാകണമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

ആരോഗ്യ രംഗത്ത് പ്രവൃത്തിക്കുന്നവര്‍ക്ക് സുരക്ഷയ്ക്ക് ഉപകരണങ്ങള്‍ ഇല്ലെന്നും നഴ്സുമാര്‍ക്കും ടെക്നീഷ്യന്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അവര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ പറയാന്‍ പറ്റില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു.

കൊവിഡ്-19 പടര്‍ന്നുപിടിക്കുന്നത് തടയണമെങ്കില്‍ മാസ് ടെസ്റ്റിംഗ് അടക്കമുള്ള നടപടികളിലേക്കി രാജ്യം അടിയന്തരമായി നീങ്ങണമെന്നും അതിനുള്ള സൗകര്യങ്ങള്‍ എത്രയും വേഗം ഒരുക്കണമെന്നും ആവശ്യപ്പെട്ടും നിരവധി പേര്‍ രോഗം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ സമയത്ത് തന്നെ രംഗത്തെത്തിയിരുന്നു. പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്തി സംസാരിച്ചപ്പോള്‍ ഇത്തരത്തിലുള്ള നടപടികളെക്കുറിച്ചോ ഒരുക്കങ്ങളെക്കുറിച്ചോ യാതൊന്നും പറഞ്ഞില്ല എന്നതായിരുന്നു ആരോഗ്യമേഖലയിലെ വിദഗ്ധരുടെയടക്കം എതിര്‍പ്പിന് ഇടയാക്കിയത്.

രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷക്കാവശ്യമായ പേഴ്‌സണല്‍ പ്രൊട്ടക്ട്ടീവ് എക്യൂപ്‌മെന്റിന് വലിയ ദൗര്‍ലഭ്യമാണ് ഇന്ത്യയിലുള്ളത്.

ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ വരാത്തത് മൂലം എത്തരത്തിലുള്ള പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകളാണ് നിര്‍മ്മിക്കേണ്ടത് എന്നറിയാത്ത അവസ്ഥയിലാണ് നിര്‍മ്മാണ കമ്പനികളെന്നാണ് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫെബ്രുവരി 12ന് തന്നെ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകളുടെ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചിരുന്നെന്നും ഒരു മാസം കഴിഞ്ഞിട്ടും ഇതിന് മറുപടിയൊന്നും വന്നില്ലെന്നും പ്രൊട്ടക്ഷന്‍ വേയര്‍ മാനുഫാക്ട്‌ച്ച്വേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. സഞ്ജീവ് പറയുന്നു.

കൊവിഡ്-19 ഗുരുതരമാകുന്ന രോഗികളെ രക്ഷിക്കണമെങ്കില്‍ ഐ.സി.യുവും വെന്റിലേറ്ററടക്കമുള്ള സൗകര്യങ്ങള്‍ അനിവാര്യമാണ്. അത്തരം സൗകര്യങ്ങളിലും ഇന്ത്യ ഏറെ പുറകിലാണ്. ഡോക്ടര്‍മാര്‍ ഇത് സംബന്ധിച്ച ആശങ്കളും ഉയര്‍ത്തുന്നുണ്ട്.

‘ ഞാന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ 90 ശതമാനം വെന്റിലേറ്ററുകളും ഇപ്പോള്‍ തന്നെ നിറഞ്ഞിരിക്കുകയാണ്. ഇതില്‍ ഒരു കൊവിഡ്-19 കേസ് പോലുമില്ല, ഇനി കൊവിഡ് വ്യാപകമായി പടര്‍ന്നുപിടിച്ചാല്‍ നമ്മുടെ ആരോഗ്യമേഖല എങ്ങിനെയായിരിക്കും അതിന് നേരിടുകയെന്ന് ഒന്നു ചിന്തിച്ചുനോക്കൂ’ ട്വിറ്ററില്‍ ഒരു ഡോക്ടര്‍ പറഞ്ഞതാണിത്.

വെന്റിലേറ്ററുകളും വാര്‍ഡുകളും പോലെ പെട്ടെന്ന് കെട്ടിപ്പൊക്കാന്‍ കഴിയുന്നവരല്ല ഡോക്ടറും നഴ്‌സുമടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് രാജ്യത്ത് രക്ഷിക്കാന്‍ അത്യന്താപേക്ഷിതമാണെന്ന് എല്ലാവരും ഒരുപോലെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

കോളേജും സ്‌കൂളും അടച്ചിട്ടും പൊതുപരിപാടികള്‍ നിര്‍ത്തിവെച്ചും ജനതാ കര്‍ഫ്യൂം നടത്തുന്നതിനൊപ്പം തന്നെ ആരോഗ്യമേഖല സുസജ്ജമാക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും കൂടി തയ്യാറായാലെ കൊവിഡിന് തടയിടാന്‍ സാധിക്കൂ.