കഴിഞ്ഞ കുറച്ച് കാലങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയകളിൽ നിന്നും അടുക്കളയിലേക്ക് കയറിക്കൂടിയ ഉപകരണമാണ് എയർ ഫ്രയർ. കുറച്ച് എണ്ണ ഉപയോഗിച്ചോ എണ്ണ ഇല്ലാതായോ വറുത്തതും പൊരിച്ചതുമടക്കമുള്ള ആഹാരസാധനങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്നത് തന്നെയാണ് എയർ ഫ്രയറിനെ ജനപ്രിയമാക്കിയത്.
എന്നാൽ എയർ ഫ്രയർ ഉപയോഗിച്ചാൽ കാൻസർ വരാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിലെ സത്യാവസ്ഥ നമുക്ക് നോക്കാം.
എയർ ഫ്രയർ ഉപയോഗിക്കുന്നത് കാൻസറിന് നേരിട്ട് കാരണമാകുന്നു എന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ല. എന്നാലും ഉയർന്ന താപനിലയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ചില രാസവസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിൽ ചിലതിന് കാൻസർ സാധ്യത വർദ്ധിപ്പിക്കാൻ കഴിയുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.
ഉയർന്ന താപനിലയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു രാസവസ്തുവാണ് അക്രിലമൈഡ് (Acrylamide).
ഉരുളക്കിഴങ്ങ്, ബ്രെഡ് തുടങ്ങിയ അന്നജം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ അക്രിലമൈഡ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ എയർ ഫ്രയറിൽ പാകം ചെയ്യുമ്പോൾ മാത്രമല്ല ഈ രാസവസ്തു ഉണ്ടാകുന്നത്. ഡീപ് ഫ്രൈയിങ്, റോസ്റ്റിങ്, ബേക്കിങ് തുടങ്ങിയ മറ്റ് ഉയർന്ന താപനിലയിലുള്ള പാചക രീതികളിലും അക്രിലമൈഡ് ഉണ്ടാകാം.
മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഉയർന്ന അളവിലുള്ള അക്രിലമൈഡ് കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരിൽ ഭക്ഷണത്തിലൂടെയുള്ള അക്രിലമൈഡും കാൻസറും തമ്മിൽ ബന്ധമുണ്ടോയെന്ന് ഇതുവരെയും കൃത്യമായി കണ്ടുപിടിച്ചിട്ടില്ല.
എയർ ഫ്രയർ ഉപയോഗിക്കുന്നതുകൊണ്ട് കാൻസറിന്റെ സാധ്യത വർധിക്കുന്നില്ല. എന്നാൽ ഉയർന്ന താപനിലയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന അക്രിലമൈഡ് പോലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം കുറയ്ക്കാൻ ശരിയായ പാചകരീതി പിന്തുടരുന്നത് നല്ലതാണ്. മിതമായ ഉപയോഗവും ശരിയായ പാചക രീതികളും പാലിക്കുന്നതിലൂടെ എയർ ഫ്രയർ താരതമ്യേന ആരോഗ്യകരമായ ഒരു പാചകരീതിയായി കണക്കാക്കാം.
എയർ ഫ്രയറിൽ പാകം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഓവർ കുക്കിങ് ഒഴിവാക്കുക: ഭക്ഷണം കരിഞ്ഞുപോകാതെ പാചകം ചെയ്യാൻ ശ്രദ്ധിക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പാചകം അവസാനിപ്പിക്കുന്നതാണ് ഉചിതം.
ഉയർന്ന താപനില ഒഴിവാക്കുക: കഴിയുന്നത്രയും കുറഞ്ഞ താപനിലയിൽ പാചകം ചെയ്യാൻ ശ്രമിക്കുക.
അന്നജം കൂടുതൽ അടങ്ങിയവ പാകം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ നൽകുക: ഉരുളക്കിഴങ്ങ് പോലുള്ള അന്നജം കൂടുതലുള്ള ഭക്ഷണങ്ങൾ വറുക്കുന്നതിന് മുമ്പ് വെള്ളത്തിൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും മുക്കിവെയ്ക്കുന്നത് അക്രിലമൈഡ് രൂപീകരണം കുറയ്ക്കാൻ സഹായിക്കും. ഇവ പിന്നീട് നന്നായി പാറ്റ് ഡ്രൈ ചെയ്തതിന് ശേഷം മാത്രം എയർ ഫ്രയറിൽ വെക്കുക.