അദാനി സൂപ്പര്‍ ഗവണ്‍മെന്റോ? സര്‍ക്കാരിനെ ഇരുട്ടിലാക്കി ഇങ്ങനെ ചെയ്യാനാകുമെന്നാണോ അവര്‍ കരുതുന്നത്; വിഴിഞ്ഞത്തില്‍ ഇടഞ്ഞ് കെ.സി. വേണുഗോപാല്‍
Kerala News
അദാനി സൂപ്പര്‍ ഗവണ്‍മെന്റോ? സര്‍ക്കാരിനെ ഇരുട്ടിലാക്കി ഇങ്ങനെ ചെയ്യാനാകുമെന്നാണോ അവര്‍ കരുതുന്നത്; വിഴിഞ്ഞത്തില്‍ ഇടഞ്ഞ് കെ.സി. വേണുഗോപാല്‍
ആദര്‍ശ് എം.കെ.
Thursday, 2nd July 2026, 8:27 pm

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും ആഗോള കപ്പല്‍ കമ്പനിയായ എം.എസ്.സി.യും തമ്മിലുണ്ടായ ധാരണയില്‍ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.

സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തി അദാനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും അദാനി കേരളത്തില്‍ ഒരു ‘സൂപ്പര്‍ ഗവണ്‍മെന്റ്’ അല്ലെന്നും കെ.സി. വേണുഗോപാല്‍ ദല്‍ഹിയില്‍ പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അദാനിയുടെ ഇഷ്ടം പോലെ കാര്യങ്ങള്‍ നടക്കുമായിരിക്കും, എന്നാല്‍ കേരളത്തില്‍ അത് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അനുമതിയില്ലാതെ ഒരു ബഹുരാഷ്ട്ര കമ്പനിക്ക് ഓഹരികള്‍ കൈമാറിയത് എങ്ങനെയെന്ന് അദാനി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ സര്‍ക്കാരും ശക്തമായ അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ ആവശ്യമായ കൂടിയാലോചനകള്‍ നടത്തുകയോ ചെയ്യാതെയാണ് അദാനി ഗ്രൂപ്പ് ഈ നീക്കം നടത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി ഘടനയില്‍ മാറ്റം വരുത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.. കണ്‍സഷന്‍ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇത് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി.

ഓഹരി കൈമാറ്റം സംബന്ധിച്ച തീരുമാനം വിവാദമായതോടെ, ഇതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കഴിഞ്ഞ ബുധനാഴ്ച സര്‍ക്കാരിന് കത്ത് നല്‍കി. സര്‍ക്കാരുമായുള്ള കരാറിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ അപേക്ഷ നല്‍കിയിരിക്കുന്നത്.

കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍േശങ്ങളും കര്‍ശനമായി പരിശോധിച്ച ശേഷം മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തില്‍ മത്സരക്ഷമമായ ഒരു ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അദാനി പോര്‍ട്ടുമായി കൈകോര്‍ക്കുന്നതിലൂടെ ഏകദേശം 13,000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് വിഴിഞ്ഞത്ത് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഈ ഇടപാടില്‍ അസാധാരണമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് പിണറായി വിജയന്‍ ആരോപിച്ചു. വിഴിഞ്ഞത്തെ ഓഹരി വില്‍പ്പന കുത്തക സൃഷ്ടിക്കുമെന്നും ആരോഗ്യകരമായ മത്സരം ഇല്ലാതാക്കുമെന്നും പ്രതിപക്ഷവും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

 

Content Highlight: Is Adani a ‘Super Government’? K.C. Venugopal at odds over Vizhinjam.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.