ടെലിവിഷൻ സീരിയലുകളിലൂടെ കരിയർ ആരംഭിച്ച്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവമായി തുടരുന്ന നടനാണ് ഇർഷാദ് അലി. സിബി മലയിൽ സംവിധാനം ചെയ്ത ‘പ്രണയവർണ്ണങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികൾക്ക് പ്രിയങ്കരനായി മാറി.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായ ‘ദൃശ്യം’ എന്ന ചിത്രത്തിലും ഇർഷാദ് ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സുരേഷ് ബാബു എന്ന പൊലീസ് ഓഫീസറായി ചിത്രത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രംഗങ്ങളിലൊന്നിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.
ഇപ്പോൾ ദൃശ്യം 3 യുടെ വിശേഷങ്ങളും സുരേഷ് ബാബു എന്ന കഥാപത്രം തന്നിലേക്ക് എത്തിയതെങ്ങനെ എന്ന് തുറന്നു പറയുകയാണ് നടൻ ഇർഷാദ് അലി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ജീത്തു ജോസഫുമായി എനിക്ക് വളരെ നാളത്തെ അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തിന്റെ ‘മെമ്മറീസ്’ എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമയുടെ ചിത്രീകരണ സമയത്ത്, എനിക്ക് ചെയ്യാൻ ഏറെ ആഗ്രഹമുള്ള വേഷം ഏതാണെന്ന് ജീത്തു എന്നോട് ചോദിച്ചിരുന്നു. ഒരു നല്ല പൊലീസ് ഓഫീസർ കഥാപാത്രം ചെയ്യണമെന്ന എന്റെ ആഗ്രഹം ഞാൻ പ്രകടിപ്പിച്ചു. അങ്ങനെയാണ് ‘ദൃശ്യം’ സിനിമയിലെ സുരേഷ് ബാബു എന്ന പൊലീസ് ഓഫീസറുടെ വേഷം എനിക്ക് ലഭിക്കുന്നത്. യഥാർത്ഥത്തിൽ ഞാൻ ചോദിച്ചു വാങ്ങിയ ഒരു കഥാപാത്രമായിരുന്നു അത്.’ ഇർഷാദ് അലി പറയുന്നു
ഏറ്റവും പുതുതായി ഇറങ്ങിയ ദൃശ്യം 3 യിലും മോഹൻലാലിനൊപ്പം സുരേഷ് ബാബു എന്ന പൊലീസ് ഓഫീസർ ആയി ഇർഷാദ് അലി തിരിച്ചെത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം ആ കഥാപാത്രം തന്നിലേക്കു തിരിച്ചെതെത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘വലതുവശത്തെ കള്ളൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം രാത്രി, ഞാൻ മേക്കപ്പിട്ട് ഇരിക്കുകയായിരുന്നു. അന്ന് മനസ്സിൽ വിചാരിച്ച ഒരു കാര്യമുണ്ടായിരുന്നു, അപ്പോഴേക്കും ‘ദൃശ്യം 3’യുടെ പ്രഖ്യാപനം വന്നിരുന്നതിനാൽ, സുരേഷ് ബാബു എന്ന കഥാപാത്രത്തെ എങ്ങനെയെങ്കിലും ചിത്രത്തിലേക്ക് തിരികെ കൊണ്ടുവരാൻ പറ്റുമോ എന്ന് ജീത്തുവിനോട് ചോദിക്കണം എന്നതായിരുന്നു അത്.
എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ജീത്തു വന്നു പറഞ്ഞു ‘ഒരു ഭയങ്കര രസമുള്ള കാര്യമുണ്ട്, നമ്മൾ ദൃശ്യം 3 തുടങ്ങാൻ പോവുകയാണ്, അതിൽ സുരേഷ് ബാബുവുമുണ്ട്.’ ഇതുകേട്ട് ഞാൻ ചോദിച്ചു, ‘ഇപ്പോൾ ഇയാൾ എസ്.പി ആണോ അതോ ഡി.വൈ.എസ്.പി ആണോ?’ അപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഇല്ല, ഇയാൾ വി.ആർ.എസ് എടുത്തു. ഇത്തിരി നരയൊക്കെ ബാധിച്ച്, താടിയൊക്കെയുള്ള ലുക്കിലാണ് വരുന്നത്.’ ഇർഷാദ് പറയുന്നു.
ജീത്തു തന്ന ആ വലിയ സർപ്രൈസിന്റെയും ‘ദൃശ്യം 3’ ലേക്ക് തിരിച്ചുവരുന്നതിന്റെയും ആവേശത്തിൽ അന്ന് രാത്രി തനിക് ഒരു സീനിൽ പോലും ശ്രദ്ധിച്ച് അഭിനയിക്കാൻ കഴിഞ്ഞില്ല എന്നും അത് വല്ലാത്തൊരു അനുഭവം തന്നെയായിരുന്നുവെന്നും ഇർഷാദ് കൂട്ടിച്ചേർത്തു.
Content Highlight: Irshad Ali talks about his character as Police officer in drishyam movie