നായക നടനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേതാവാണ് ഇര്‍ഷാദ് അലി. സിബി മലയില്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തുവന്ന പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഷാദ് തന്റെ കരിയര്‍ ആരംഭിച്ചത്. ടി. വി. ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2003ല്‍ പുറത്തിറങ്ങിയ പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തില്‍ ഇര്‍ഷാദിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൃശ്യം, ഓപ്പറേഷന്‍ ജാവ, ഒടുവില്‍ പുറത്തിറങ്ങിയ തുടരും എന്നീ സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ എല്ലാത്തരം കഥാപാത്രങ്ങളും തനിക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. തമാശവേഷം ചെയ്യാന്‍ കഴിയില്ലെന്ന തോന്നലുണ്ടായിരുന്നുവെന്നും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമ ചെയ്തതോടെ അത് മാറിയെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.
അതിലെ പെണ്ണുകാണല്‍ സീനിനെപ്പറ്റിമാത്രം തിരക്കഥാകൃത്ത് സിന്ധുരാജ് വിശദമായിപ്പറഞ്ഞുവെന്നും തമാശചെയ്യുക അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ഇര്‍ഷാദ് അലി.
‘ഏത് വേഷവും ചെയ്യാന്‍ താത്പര്യമുണ്ട്. തമാശവേഷം ചെയ്യാന്‍ കഴിയില്ലെന്നൊക്കെ തോന്നലുണ്ടായിരുന്നു. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ചെയ്തതോടെ അത് മാറി. അതില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ തമാശക്കഥാപാത്രമാണെന്ന് പറഞ്ഞിരുന്നില്ല.
അതിലെ പെണ്ണുകാണല്‍ സീനിനെപ്പറ്റിമാത്രം തിരക്കഥാകൃത്ത് സിന്ധുരാജ് വിശദമായിപ്പറഞ്ഞു. തമാശചെയ്യുക അത്ര എളുപ്പമല്ല. ഇപ്പോള്‍ ഓരോസീനും കിട്ടുമ്പോള്‍ അതെങ്ങനെ മികച്ചതാക്കാം എന്നാണ് ആലോചന. എന്തെങ്കിലും വ്യത്യസ്തത നമ്മുടെ ഭാഗത്തുനിന്ന് കൊണ്ടുവരാന്‍ ശ്രമിക്കും,’ ഇര്‍ഷാദ് അലി പറയുന്നു.
എം. സിന്ധുരാജ് തിരക്കഥയെഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. കുഞ്ചാക്കോ ബോബന്‍, നമിത പ്രമോദ് എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ ഷമ്മി തിലകന്‍, ഇര്‍ഷാദ് അലി, ജോജു ജോര്‍ജ്ജ്,സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, അനുശ്രീ എന്നിവരും അഭിനയിച്ചിരുന്നു.
Content Highlight: Irshad Ali says that he is interested in playing all kinds of characters.