സമാന്തര സിനിമകളില്‍ അഭിനയിക്കാമെന്ന് ബോധപൂര്‍വം തീരുമാനമെടുത്തതല്ല: ഇര്‍ഷാദ് അലി
Malayalam Cinema
സമാന്തര സിനിമകളില്‍ അഭിനയിക്കാമെന്ന് ബോധപൂര്‍വം തീരുമാനമെടുത്തതല്ല: ഇര്‍ഷാദ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd July 2025, 2:37 pm

നായകനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേതാവാണ് ഇര്‍ഷാദ് അലി. സിബി മലയില്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഷാദ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് അദ്ദേഹം നിരവധി സിനിമകളില്‍ അഭിനയിച്ചു. ഒടുവില്‍ പുറത്തിറങ്ങിയ തുടരുമിലെ ഇര്‍ഷാദിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരുകാലത്ത് നിരവധി സമാന്തര സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. പാഠം ഒന്ന് ഒരു വിലാപം, ഘര്‍ഷോം പോലുള്ള നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സമാന്തര സിനിമകളില്‍ സ്ഥിരം നടനായിരുന്നോ ഇര്‍ഷാദ് അലി എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം.

പാഠം ഒന്ന്: ഒരു വിലാപം, ഘര്‍ഷോം എന്നിങ്ങനെ എത്ര സിനിമകളുടെ ഭാഗമായി എന്നത് തനിക്ക് ഓര്‍മയില്ലെന്നും  ബോധപൂര്‍വം അത്തരം സിനിമകളില്‍ അഭിനയിച്ചതല്ലെന്നും അദ്ദേഹം പറയുന്നു.സാംസ്‌കാരിക മേഖലയില്‍ സജീവമായി നില്‍ക്കുന്നതുകൊണ്ടാവാം സമാന്തരസിനിമകളിലേക്കുള്ള ക്ഷണം ലഭിച്ചതെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാഠം ഒന്ന്: ഒരു വിലാപം, ഘര്‍ഷോം, കുട്ടപ്പന്‍ സാക്ഷി, അലിഫ്, വീട്ടിലേക്കുള്ള വഴി, മധ്യവേനല്‍, സൂഫി പറഞ്ഞ കഥ, ഭൂമിമലയാളം, വിലാപങ്ങള്‍ക്കപ്പുറം, പുലിജന്മം, നെയ്ത്തുകാരന്‍. അങ്ങനെയെത്ര സമാന്തര സിനിമകളുടെ ഭാഗമായി എന്നത് ഓര്‍മയില്ല. സമാന്തര സിനിമകളില്‍ അഭിനയിക്കാം എന്ന് ബോധപൂര്‍വം തീരുമാനമെടുത്തിട്ടില്ല. അത് സ്വാഭാവികമായി സംഭവിച്ചതാണ്.

ഒരുപക്ഷേ, സാംസ്‌കാരിക മേഖലയില്‍ സജീവമായി നില്‍ക്കുന്നതുകൊണ്ടാവാം ഇങ്ങനെ സമാന്തര സിനിമകളിലേക്കുള്ള ക്ഷണം. ടി.വി. ചന്ദ്രന്‍, പവിത്രന്‍, പി.ടി. കുഞ്ഞുമുഹമ്മദ്, പ്രിയനന്ദനന്‍, ഡോ. ബിജു അടക്കമുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായി എന്ന സന്തോഷമുണ്ട്,’ ഇര്‍ഷാദ് അലി പറയുന്നു.

Content highlight: Irshad Ali says that  he didn’t consciously decide to act in parallel films