ഇരിങ്ങാലക്കുടയില്‍ കെ.പി.സി.സി സെക്രട്ടറി ചെയര്‍മാനായ ബാങ്കിന്റെ ഇടപാടുകള്‍ മരവിപ്പിച്ച് ആര്‍.ബി.ഐ
Kerala
ഇരിങ്ങാലക്കുടയില്‍ കെ.പി.സി.സി സെക്രട്ടറി ചെയര്‍മാനായ ബാങ്കിന്റെ ഇടപാടുകള്‍ മരവിപ്പിച്ച് ആര്‍.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st July 2025, 4:15 pm

തൃശൂര്‍: ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരെ റിസര്‍വ് ബാങ്കിന്റെ നടപടി. വരുന്ന ആറ് മാസത്തേക്ക് ബാങ്കിന്റെ ഭൂരിഭാഗം സാമ്പത്തിക ഇടപാടുകളും ആര്‍.ബി.ഐ മരവിപ്പിച്ചു. ഇക്കാലയളവില്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ ലോണ്‍ അനുവദിക്കാനോ ബാങ്കിന് അനുമതിയില്ല. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്നാണ് ആര്‍.ബി.ഐയുടെ നടപടി.

എന്നാല്‍ അടിസ്ഥാന ആവശ്യങ്ങളായ ജീവനക്കാരുടെ ശമ്പളം, വാടക, വൈദ്യുതി ബില്ലുകള്‍, മറ്റ് അവശ്യ ബില്ലുകള്‍ എന്നിവക്കായി പണം ചെലവഴിക്കാന്‍ ആര്‍.ബി.ഐയുടെ അനുമതിയുണ്ട്.

കോണ്‍ഗ്രസ് ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനെതിരെയാണ് ആര്‍.ബി.ഐയുടെ നടപടി. കെ.പി.സി.സി സെക്രട്ടറി എം.പി. ജാക്‌സനാണ് ബാങ്ക് ചെയര്‍മാന്‍.

1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35 എ, 56 പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നതെന്ന് ആര്‍.ബി.ഐ അറിയിച്ചു. നടപടി ഇന്നലെ (ജൂലൈ 30) മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. അഡ്വ. അനൂപ് ആന്റണി തെക്കേക്കര എന്നയാളുടെ പരാതിപ്രകാരമാണ് ആര്‍.ബി.ഐ ബാങ്ക് ഇടപാടുകള്‍ മരവിപ്പിച്ചത്.

തന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബാങ്കിങ് മേഖലയില്‍ ഒരു പ്രാവീണ്യവും ഇല്ലാത്ത ആളുകളെയാണ് ചെയര്‍മാന്‍ സ്റ്റാഫായി നിയമിച്ചതെന്ന് അനൂപ് ആന്റണി പറഞ്ഞു. ബാങ്കിന്റെ അതിര്‍ത്തി വിട്ടും ചെയര്‍മാന്‍ ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും ഇടനിലക്കാരായ ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ വാങ്ങിക്കൊണ്ട് ഇടപാടുകള്‍ നടത്തിയെന്നും അനൂപ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

10 രൂപ പോലും വിലമതിക്കാത്ത വസ്തുവകകള്‍ക്ക് 10000 രൂപ എന്ന കണക്കില്‍ ലോണ്‍ കൊടുക്കുകയും ഇത്തരത്തില്‍ ലോണ്‍ എടുത്തവര്‍ പിന്നീട് തിരിച്ചടവ് മുടക്കുകയും ചെയ്യും. തുടര്‍ന്ന് ബാങ്ക് ഇവരുടെ ഭൂമി ലേലത്തില്‍ പിടിക്കും. 238 കോടി മൂല്യം വരുന്ന വസ്തുവകകള്‍ നിലവില്‍ ബാങ്ക് പിടിച്ചെടുത്തിട്ടുണ്ടെന്നും അനൂപ് പറയുന്നു.

ഇപ്പോള്‍ ബാങ്കിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആര്‍.ബി.ഐ നടപടിയെടുത്തതിന് പിന്നാലെ നിക്ഷേപം പിന്‍വലിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ ബാങ്കിലേക്ക് എത്തുകയായിരുന്നു.

എന്നാല്‍ ദിവസം ഒരാള്‍ക്ക് പതിനായിരം രൂപ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. വിഷയത്തില്‍ ആശങ്കയുണ്ടെന്ന് നിക്ഷേപകരും പ്രതികരിച്ചു.

അതേസമയം നിക്ഷേപകര്‍ക്കും സഹകാരികള്‍ക്കും അവര്‍ നിക്ഷേപിച്ച തുക ഒരു കാരണവശാലും നഷ്ടമാകില്ല. നിലവില്‍ ഈ തുക ആര്‍.ബി.ഐ മരവിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

Content Highlight: RBI freezes transactions of bank headed by KPCC Secretary in Irinjalakuda