ടെഹ്‌റാന്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ അവകാശവാദം.
‘സയണിസ്റ്റ് ഭരണകൂടത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസും ഭരണകൂടത്തിന്റെ വ്യോമസേന കമാന്‍ഡറുടെ ആസ്ഥാനവും ലക്ഷ്യം വെച്ചു’, ഐ.ആര്‍.ജി.സി പ്രസ്താവനയില്‍ റഞ്ഞു.
ഇറാനില്‍ വികസിപ്പിച്ചെടുത്ത ഖൈബാര്‍ ബാലിസ്റ്റിക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഐ.ആര്‍.ജി.സി പറയുന്നു.
നെതന്യാഹുവിനോ മറ്റാര്‍ക്കെങ്കിലുമോ പരിക്കേറ്റതിനെ കുറിച്ച് അറിയില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് നല്‍കുമെന്നും തിങ്കളാഴ്ച പുറത്തെത്തിയ റിപ്പോര്‍ട്ടില്‍ ഐ.ആര്‍.ജി.സി പറയുന്നു.
എന്നാല്‍, നെതന്യാഹുവിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടെന്ന വാദം തെറ്റാണെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇറാന്റെ അവകാശവാദം മാധ്യമങ്ങള്‍ തള്ളിയത്.
അതേസമയം, തിങ്കളാഴ്ച ഇറാനില്‍ നിന്നും ഇസ്രഈലിലേക്ക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രഈല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു.
‘കുറച്ചുമുമ്പ് ഇറാനില്‍ നിന്ന് ഇസ്രഈലിന്റെ പ്രദേശങ്ങളില്‍ വിക്ഷേപിച്ച മിസൈലുകള്‍ ഐ.ഡി.എഫ് തിരിച്ചറിഞ്ഞു. ഇറാന്റെ ഭീഷണി തടയാന്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു’, ഐ.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: IRGC claims missile attack on Netanyahu’s office, Media Denies