ടെഹ്‌റാന്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളെ ഇസ്രഈല്‍ തള്ളിക്കഞ്ഞതിന് പിന്നാലെ നെതന്യാഹുവിനെ കൊലപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്ത് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി).

ജീവിച്ചിരിപ്പുണ്ടെങ്കില്‍ നെതന്യാഹുവിനെ പിന്തുടര്‍ന്ന് കണ്ടെത്തി വധിക്കുമെന്ന് ഐ.ആര്‍.ജി.സി ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

‘ശുശു ഘാതകനായ ഈ കൊലയാളി ജിവിച്ചിരിപ്പുണ്ടെങ്കില്‍ ഞങ്ങള്‍ പിന്തുടരും, കൊലപ്പെടുത്തുകയും ചെയ്യും’, ഐ.ആര്‍.ജി.സി സെപാ ന്യൂസ് വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളെ തള്ളി ഇസ്രഈല്‍ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ഐ.ആര്‍.ജി.സിയുടെ പ്രസ്താവന. പ്രധാനമന്ത്രി സുഖമായിരിക്കുന്നു.

അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വ്യാജപ്രചാരണമാണെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരുന്നു.

മാര്‍ച്ച് ഒമ്പത് മുതല്‍ നെതന്യാഹുവിനെ പൊതുഇടങ്ങളിലും സോഷ്യല്‍മീഡിയയിലും സജീവമായി കാണാറുണ്ടായിരുന്നില്ല. ഇതോടെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരാവസ്ഥയിലാവുകയോ ചെയ്‌തെന്ന പ്രചാരണം ശക്തമായിരുന്നു. നെതന്യാഹു കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, മാര്‍ച്ച് 13ന് സംഘര്‍ഷത്തെ കുറിച്ച് സംസാരിക്കുന്ന നെതന്യാഹുവിന്റെ ഒരു വീഡിയോ ഇസ്രഈല്‍ പുറത്തുവിട്ടു. ഈ വീഡിയോയില്‍ നെതന്യാഹുവിന്റെ ആറ് വിരല്‍ ഉള്‍പ്പടെയുള്ളവ കാരണം വീഡിയോ എ.ഐ നിര്‍മിതമാണെന്ന സംശയവും ഉയര്‍ന്നു.

പിന്നാലെ, നെതന്യാഹു കൊല്ലപ്പെട്ടുവെന്ന പ്രചാരണം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ഇതോടെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് ഇസ്രഈല്‍ രംഗത്തെത്തിയത്.

Content Highlight:  IRGC against Benjamin Netanyahu