റിങ്കുവിന് എത്രത്തോളം അവസരം ലഭിക്കുമെന്ന് കണ്ടറിയണം; മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താന്‍
Cricket
റിങ്കുവിന് എത്രത്തോളം അവസരം ലഭിക്കുമെന്ന് കണ്ടറിയണം; മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താന്‍
ശ്രീരാഗ് പാറക്കല്‍
Saturday, 21st March 2026, 1:43 pm

കൊല്‍ക്കത്ത സൂപ്പര്‍ താരം റിങ്കു സിങ് നിലവാരം നിലനിര്‍ത്തുകയും ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുകയും വേണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ഇര്‍ഫാന്‍ പത്താന്‍. 2023ലെ ഐ.പി.എല്‍ സീസണില്‍ റിങ്കു മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ രണ്ട് സീസണിലും താരത്തിന്റെ പ്രകടനം കുറഞ്ഞെന്നും പത്താന്‍ എടുത്തുപറഞ്ഞു. മാത്രമല്ല 2026ലെ ടി-20 ലോകകപ്പിലും റിങ്കുവിന് ശേഭിക്കാനായില്ലെന്ന് മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘റിങ്കു സിങ്ങിന് കളിക്കാന്‍ എത്രത്തോളം അവസരം ലഭിക്കുമെന്ന് നമ്മള്‍ കണ്ടറിയണം. അദ്ദേഹത്തിന്റെ 2023 സീസണ്‍ മികച്ചതായിരുന്നു. 150 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 400-450 റണ്‍സ് അദ്ദേഹം നേടി. എന്നാല്‍ അതിനുശേഷം, അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ കുറഞ്ഞു. പലപ്പോഴും അദ്ദേഹത്തിന് മതിയായ അവസരങ്ങള്‍ ലഭിച്ചില്ല.

അദ്ദേഹത്തിന് തന്റെ നിലവാരം നിലനിര്‍ത്തുകയും ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുകയും വേണം. ലോകകപ്പില്‍ പോലും അദ്ദേഹം അഞ്ച് മത്സരങ്ങള്‍ കളിച്ചു, പക്ഷേ ലഭിച്ച അവസരങ്ങള്‍ പൂര്‍ണമായി മുതലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കൊല്‍ക്കത്ത പരിഹരിക്കേണ്ട മറ്റൊരു പ്രശ്‌നമാണിത്, റിങ്കു സിങ് അവരില്‍ ഒരാളാണ്,’ പത്താന്‍ പറഞ്ഞു.റിങ്കു സിങ്

2023ല്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി റിങ്കു മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സീസണിലെ 14 ഇന്നിങ്സുകളില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറികളുള്‍പ്പെടെ 474 റണ്‍സാണ് താരം നേടിയത്. എന്നിരുന്നാലും കഴിഞ്ഞ രണ്ട് സീസണുകളിലും റിങ്കുവിന് മികവ് പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. ഒരു അര്‍ധസെഞ്ച്വറി പോലും നേടാതെ 22 ഇന്നിങ്സുകളില്‍ നിന്ന് 374 റണ്‍സ് മാത്രമേ റിങ്കുവിന് നേടാനായുള്ളൂ.

ഐ.പി.എല്ലില്‍ 51 ഇന്നിങ്‌സില്‍ നിന്ന് 1099 റണ്‍സ് താരം നേടിയിട്ടുണ്ട്. 67* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് താരം ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയത്. 30.5 ആവറേജും 145.2 എന്ന സ്‌ട്രൈക്ക് റേറ്റും റിങ്കുവിനുണ്ട്.

ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് റിങ്കു സിങ് 24 റണ്‍സാണ് നേടിയത്. ലോകകപ്പ് ടൂര്‍ണമെന്റിനിടെ തന്റെ അച്ഛന്റെ മരണവും റിങ്കുവിനെ ബാധിച്ചിരുന്നു.

എന്നിരുന്നാലും ഐ.പി.എല്‍ 2026ല്‍ റിങ്കു മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്ന റിങ്കുവിന് മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനുള്ള കഴിവുണ്ട്.

Content Highlight: Irfan Pathan Warns Rinku Singh Ahead IPL 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ