അവന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ഇര്‍ഫാന്‍ പത്താന്‍
Cricket
അവന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ഇര്‍ഫാന്‍ പത്താന്‍
സുദേവ് എ
Sunday, 5th July 2026, 10:14 pm

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

ഈ തോല്‍വിക്ക് പിന്നാലെ ഇന്ത്യ അവസരം നല്‍കേണ്ട ഒരു താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നായകന്‍ രജത് പാടിദാറിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇര്‍ഫാന്‍ പത്താന്‍ എക്സില്‍ കുറിച്ചത്.

‘രജത് പാടിദാറിന് മുന്നോട്ട് പോവാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അടുത്ത ടി-20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന് പരീക്ഷണങ്ങള്‍ നടത്താന്‍ ഇനിയും ധാരാളം സമയമുണ്ട്. അതിനാല്‍ അദ്ദേഹത്തിന് ഒരു അവസരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഇര്‍ഫാന്‍ പത്താന്‍ എക്സില്‍ കുറിച്ചു.

2026 ഐപിഎല്‍ സീസണിലുടനീളം ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് പാടിദാര്‍ കാഴ്ചവെച്ചത്. 15 മത്സരങ്ങളില്‍ നിന്ന് 501 റണ്‍സാണ് പാടിദാര്‍ നേടിയത്. ഐ.പി.എല്‍ കരിയറില്‍ 57 മത്സരങ്ങളില്‍ നിന്ന് 1612 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി ആര്‍.സി.ബി രണ്ടാം കിരീടം സ്വന്തമാക്കിയതോടെ ഐ.പി.എല്ലില്‍ ക്യാപ്റ്റനായി സ്ഥാനമേറ്റ ശേഷം ആദ്യത്തെ രണ്ട് സീസണിലും തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്ന ഏക നായകനായും പാടിദാര്‍ മാറി. ഇതിഹാസ താരങ്ങളായ എം.എസ്. ധോണിക്കോ രോഹിത് ശര്‍മയ്‌ക്കോ ഗൗതം ഗംഭീറിനോ പോലും ഇല്ലാത്ത അപൂര്‍വ നേട്ടമാണ് ബെംഗളൂരു ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.

അതേസമയം നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ജൂലൈ ഏഴിനാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.

 

Content Highlight: Irfan Pathan talks about Rajat Patidar importance to Indian team

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.