ടി-20 ടീമിന്റെ ഭാഗമാകാത്തതില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും ദുഖമുണ്ടാകും: ഇര്‍ഫാന്‍ പത്താന്‍
Cricket
ടി-20 ടീമിന്റെ ഭാഗമാകാത്തതില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും ദുഖമുണ്ടാകും: ഇര്‍ഫാന്‍ പത്താന്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 10th March 2026, 1:30 pm

ടി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍ക്ക് ദുഖമുണ്ടാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ശ്രേയസ് കഴിവ് തെളിയിക്കപ്പെട്ട ക്രിക്കറ്റ് കളിക്കാരനാണെന്ന് പത്താന്‍ പറഞ്ഞു. ടി-20 ക്രിക്കറ്റില്‍ അയ്യര്‍ ക്യാപ്റ്റന്‍ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ത്യന്‍ ടി-20 ടീമിന്റെ ഭാഗമാകാത്തതില്‍ ശ്രേയസ് അയ്യര്‍ക്ക് തീര്‍ച്ചയായും ദുഖമുണ്ടാകും, കാരണം അദ്ദേഹം ടീമില്‍ ഇടം നേടാന്‍ അര്‍ഹനായിരുന്നു എന്ന് ഞാന്‍ കരുതുന്നു, അദ്ദേഹം കഴിവ് തെളിയിക്കപ്പെട്ട ഒരു ക്രിക്കറ്റ് കളിക്കാരനാണ്.

ശ്രേയസ് അയ്യര്‍

ഏകദിന ക്രിക്കറ്റിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അദ്ദേഹം. മാത്രമല്ല, ടി-20 ക്രിക്കറ്റില്‍ (ഐ.പി.എല്‍) അദ്ദേഹം ക്യാപ്റ്റനായും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സ്പിന്നിനെതിരെ അദ്ദേഹത്തിന് അതിശയകരമായ കഴിവുണ്ട്,’ പത്താന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യിലെ 47 ഇന്നിങ്‌സില്‍ നിന്ന് 1104 റണ്‍സാണ് അയ്യര്‍ നേടിയത്. 30.66 എന്ന ആവറേജിലും 136.12 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് ചെയ്തത്. എട്ട് അര്‍ധ സെഞ്ച്വറികളാണ് താരത്തിന് ടി-20യിലുള്ളത്.

അതേസമയം ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ കിവീസിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സംഘവും കിരീടമണിഞ്ഞത്.

ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 159 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ സ്വന്തം നാട്ടില്‍ കിരീടം നേടുന്ന ആദ്യ ടീമാകാനും ബാക് ടു ബാക് ടി-20 കിരീടം നേടുന്ന ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

Content Highlight: Irfan Pathan Talking About Sheyas Iyer

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ