ലോകകപ്പ് ഹീറോയില്ല എന്നാല്‍ സഞ്ജുവുണ്ട്; ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍
Cricket
ലോകകപ്പ് ഹീറോയില്ല എന്നാല്‍ സഞ്ജുവുണ്ട്; ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th September 2025, 3:24 pm

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പിന് ഇനി മൂന്ന് നാള്‍ മാത്രം. കപ്പ് നിലനിര്‍ത്താന്‍ ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ ആരൊക്കെയാണ് ടീമിലെത്തുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയ ശുഭ്മന്‍ ഗില്ലും കളിക്കുമെന്ന് ഉറപ്പാണ്.

ഇവര്‍ക്ക് പുറമെ ആരൊക്കെയാണ് എത്തുകയെന്നതും ഓപ്പണിങ്ങിലും വിക്കറ്റ് കീപ്പറായും ഏതൊക്കെ താരങ്ങളാണ് ഇന്ത്യയ്ക്കായി കളിക്കുക എന്നതും വലിയ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്. ഇപ്പോള്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തെരഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

പത്താന്റെ പ്ലെയിങ് ഇലവനില്‍ ഓപ്പണ്‍ ചെയ്യാന്‍ എത്തുന്നത് അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ്. വണ്‍ ഡൗണായി തിലക് വര്‍മയും നാലാമത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് എത്തുന്നത്. മധ്യ നിരയില്‍ ഹര്‍ദിക് പാണ്ഡ്യയയും അക്സര്‍ പട്ടേലും ഇറങ്ങും.

വിക്കറ്റ് കീപ്പറായി മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണെയാണ് ഇര്‍ഫാന്‍ പത്താന്‍ തെരഞ്ഞെടുത്തത്. എന്നാല്‍ അഞ്ചാം നമ്പറിലാണ് താരം പത്താന്റെ ടീമില്‍ ബാറ്റ് ചെയ്യാന്‍ എത്തുക. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പേസര്‍മാരായി ടീമിലുള്ളത്. രണ്ട് സ്പിന്നര്‍മാരെയാണ് മുന്‍ താരം തെരഞ്ഞെടുത്തത്.

ഇര്‍ഫാന്‍ പത്താന്റെ പ്ലെയിങ് ഇലവന്‍:

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി

എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. പതിവ് പോലെ പാകിസ്ഥാനും ഇന്ത്യയ്ക്ക് ഒപ്പമാണ്. ഒമാനും യു.എ.ഇയുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍. സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികള്‍.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Irfan Pathan select Indian XI for Asia Cup and Sanju Samson finds a spot in it