സഞ്ജു സാംസണും ന്യൂസിലാന്‍ഡ് താരം മാറ്റ് ഹെന്റിയുമായുള്ള മത്സരം ഫൈനലില്‍ നിര്‍ണായകമാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സഞ്ജുവിന് മാറ്റ് ഹെന്റിക്കെതിരെ മോശം റെക്കോഡാണുള്ളതെന്നും അതിനാല്‍ തന്നെ ഹെന്റി ഔട്ട്‌സ്വിങ്ങറുകള്‍ എറിഞ്ഞാല്‍ താരത്തിന് വെല്ലുവിളിയായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജു ബാറ്റിങ് ചെയ്യുമ്പോള്‍ ന്യൂസിലാന്‍ഡ് എങ്ങനെ ഫീല്‍ഡ് ഒരുക്കുമെന്ന് അറിയാന്‍ രസകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരിക്കുന്നു പത്താന്‍.
‘സഞ്ജു സാംസണിനെ മാറ്റ് ഹെന്റി രണ്ട് തവണ പുറത്താക്കിയിട്ടുണ്ട്. കൂടാതെ ഹെന്റിക്കെതിരെ താരത്തിന്റെ റെക്കോഡ് അത്ര മികച്ചതല്ല. അതിനാല്‍ തന്നെ ഇരുവരും തമ്മിലുള്ള പോരാട്ടം വളരെ നിര്‍ണായകമായേക്കും.
സഞ്ജു കളിക്കുമ്പോള്‍ ബാറ്റിന്റെ മുഖം ഒരു അടഞ്ഞ രീതിയിലാണ് നില്‍ക്കുക. അതിനാല്‍ തന്നെ ഹെന്റി ഔട്ട് സ്വിങ്ങറുകള്‍ ധാരാളം പ്രയോഗിച്ചേക്കും. അത് സഞ്ജുവിന് വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
എന്നാല്‍, എന്റെ ശ്രദ്ധ ന്യൂസിലാന്‍ഡ് എങ്ങനെയാണ് ഫീല്‍ഡ് ഒരുക്കുക എന്നതിലാണ്. അവന്‍ ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ നടത്തുന്ന ഫീല്‍ഡ് പ്ലേസ്മെന്റുകള്‍ കാണാന്‍ രസകരമായിരിക്കും,’ പത്താന്‍ പറഞ്ഞു.
സഞ്ജുവിന് മാറ്റ് ഹെന്റിക്കെതിരെ മോശം ട്രാക്ക് റെക്കോര്‍ഡാണുള്ളത്. താരത്തിന് ഹെന്റിക്കെതിരെ വെറും 15 മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടുള്ളത്. നേരിട്ടതാകട്ടെ പത്ത് പന്തുകളും. ഇതില്‍ രണ്ട് തവണ മലയാളി ബാറ്റര്‍ കിവി ബൗളര്‍ക്ക് മുന്നില്‍ മുട്ടുകുത്തുകയും ചെയ്തു.
അതേസമയം, സഞ്ജു ലോകകപ്പില്‍ മികച്ച ഫോമിലാണ്. അവസാന രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറിയും പ്ലെയര്‍ ഓഫ് ദി മാച്ചും താരം നേടിയിരുന്നു. സെമി ഫൈനലില്‍ തന്നെ മൂന്ന് വട്ടം പുറത്താക്കിയ ആര്‍ച്ചര്‍ക്കെതിരെ താരം മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. അത്തരമൊരു പ്രകടനം തന്നെ ഹെന്റിക്കെതിരെയും താരത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇന്നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍ അരങ്ങേറുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി. കന്നി കിരീടമാണ് കിവീസിന്റെ ലക്ഷ്യമെങ്കില്‍ മൂന്നാം കിരീടമാണ് ഇന്ത്യ ഉന്നം വെക്കുന്നത്. അതില്‍ കടുത്ത പോരാട്ടം തന്നെയായിരിക്കും നടക്കുക.
Content Highlight: Irfan Pathan says that the battle between Sanju Samson and Matt Henry will be key in final of T20 World Cup