സഞ്ജുവൊന്നും വേണ്ട, ഇന്ത്യന്‍ ടീമില്‍ ഈ ഒറ്റൊരു മാറ്റം മതി: ഇര്‍ഫാന്‍ പത്താന്‍
T20 World Cup 2026
സഞ്ജുവൊന്നും വേണ്ട, ഇന്ത്യന്‍ ടീമില്‍ ഈ ഒറ്റൊരു മാറ്റം മതി: ഇര്‍ഫാന്‍ പത്താന്‍
ഫസീഹ പി.സി.
Tuesday, 24th February 2026, 7:55 pm

2026 ടി – 20 ലോകകപ്പില്‍ സിംബാബ്വെയ്ക്ക് എതിരെയുള്ള മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഫെബ്രുവരി 26നാണ് ടീമിന്റെ രണ്ടാം സൂപ്പര്‍ 8 പോരാട്ടം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

ഇപ്പോള്‍ ഈ മത്സരത്തില്‍ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സിംബാബ്വെയ്ക്ക് എതിരെയുള്ള മത്സരത്തിനായി ടീമില്‍ സഞ്ജു സാംസണിനെയോ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും ഒരു മാറ്റം മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.

ഇര്‍ഫാന്‍ പത്താന്‍. Photo: Cricket Central/x.com

ഇന്ത്യ അക്സര്‍ പട്ടേലിനെ ടീമിലെത്തിക്കുകയാണ് വേണ്ടതെന്നും അവന് ഇടം കൈയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു പത്താന്‍.

‘കുല്‍ദീപ് യാദവിനെയോ ടീമില്‍ ഒരുപാട് ഇടം കൈയ്യന്‍ ബാറ്റര്‍മാരുള്ളത് കൊണ്ട് സഞ്ജു സാംസണെയോ ടീമിലേക്ക് കൊണ്ടുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ടാവും. എന്നാല്‍, ഇന്ത്യ അത് ചെയ്യരുതെന്നാണ് എനിക്ക് പറയാനുള്ളത്. പ്ലെയിങ് ഇലവനില്‍ ഒരു മാറ്റം മാത്രം നടത്തിയാല്‍ മതി.

അക്സര്‍ പട്ടേലിനെ തിരികെയെത്തിക്കുക എന്നതാണ് അത്. അവന് ഇടം കൈയ്യന്‍ താരങ്ങള്‍ക്കെതിരെ മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കും. കൂടാതെ, അവന് അനുഭവപരിചയമുണ്ട്. ഒപ്പം ബാറ്റിങ്ങിലും അവനെ ഉപയോഗിക്കാന്‍ ടീമിന് സാധിക്കും,’ പത്താന്‍ പറഞ്ഞു.

സഞ്ജു സാംസണും അക്‌സർ പട്ടേലും. Photo: ICC/x.com

ടോപ് ഓര്‍ഡറില്‍ ഇടം കൈയ്യന്‍ ബാറ്റര്‍മാര്‍ ഒന്നിച്ച് വരുന്നത് ഒഴിവാക്കാനുള്ള ഒരു നിര്‍ദേശവും പത്താന്‍ മുന്നോട്ട് വെച്ചു. മൂന്നാം നമ്പറില്‍ തിലക് വര്‍മയെ മാറ്റി സൂര്യകുമാര്‍ യാദവിനെ ഇറക്കണം. പിന്നാലെ തിലക് എത്തുന്നതോടെ ടീമിന് ബാലന്‍സും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ബാറ്റിങ് നിര ഒന്നാകെ തകര്‍ന്നതോടെ ഇടം കൈയ്യന്മാരുടെ അതിപ്രസരം ടീമിന്റെ ബാലന്‍സ് തകര്‍ക്കുന്നുവെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ വന്നിരുന്നു. അതിനാല്‍ വലം കൈയ്യനായ സഞ്ജുവിനെ കൊണ്ടുവരണമെന്ന നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പത്താന്റെ പ്രതികരണം.

Content Highlight: Irfan Pathan says India that should not include Sanju Samson and Kuldeep Yadav, but Axar Patel should get in against Zimbabwe in T20 World Cup

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി