ഐ.പി.എല്‍ 2012 സീസണില്‍ ഹര്‍ദിക് പാണ്ഡ്യയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കെത്തിക്കാന്‍ താന്‍ വി.വി.എസ് ലക്ഷ്മണിനോട് ആവശ്യപ്പെട്ടിരുന്നതായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍. എന്നാല്‍ ലക്ഷ്മണ്‍ അതിന് തയ്യാറായില്ലെന്നും അത് വളരെ വലിയ തെറ്റായി എന്ന് അദ്ദേഹം പിന്നീട് തിരിച്ചറിഞ്ഞു എന്നും പത്താന്‍ പറയുന്നു.
ലാലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇര്‍ഫാന്‍ പത്താന്‍ സണ്‍റൈസേഴ്‌സ് ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിനെ കുറിച്ച് സംസാരിച്ചത്.
‘2012ല്‍ എന്റെ വാക്കുകള്‍ കേള്‍ക്കാതിരിക്കുകയും ഹര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്തത് വലിയ തെറ്റായിരുന്നു എന്ന് വി.വി.എസ് ലക്ഷ്മണ്‍ സമ്മതിച്ചിട്ടുണ്ട്.
ഹര്‍ദിക്കിനെ സ്വന്തമാക്കുകയായിരുന്നെങ്കില്‍ അവന്‍ തീര്‍ച്ചയായും സണ്‍റൈസേഴ്‌സിന് വേണ്ടി കളിക്കുമായിരുന്നു,’ പത്താന്‍ കൂട്ടിച്ചേര്‍ത്തു.
വി.വി.എസ് ലക്ഷ്മണ്‍
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2015ലാണ് ഹര്‍ദിക് പാണ്ഡ്യ ഐ.പി.എല്ലില്‍ അരങ്ങേറുന്നത്. മുംബൈ ഇന്ത്യന്‍സിനൊപ്പം കരിയര്‍ പടുത്തുയര്‍ത്തിയ ഹര്‍ദിക് പാണ്ഡ്യ ശേഷം ഇന്ത്യന്‍ ടീമിലും ഇടം പിടിച്ചു.
രണ്ട് കാലഘട്ടത്തിലുമായി മുംബൈ ഇന്ത്യന്‍സിനൊപ്പം 121 മത്സരങ്ങളില്‍ താരം കളത്തിലിറങ്ങി. ബാറ്റെടുത്ത 110 ഇന്നിങ്‌സില്‍ നിന്നും 25.54 ശരാശരിയിലും 153.64 സ്‌ട്രൈക്ക് റേറ്റിലും 1,916 റണ്‍സ് താരം സ്വന്തമാക്കി.
ഹര്‍ദിക് പാണ്ഡ്യ
മുംബൈ ഇന്ത്യന്‍സിനായി നാല് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 91 ആണ്. മുംബൈയ്ക്കായി 1,500 റണ്‍സ് പൂര്‍ത്തിയാക്കിയ ഏഴ് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പാണ്ഡ്യ.