പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ക്യാപ്റ്റന്‌സിയില്‍ രോഹിത് ശര്‍മ, എം.എസ് ധോണി, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രേയസ് അയ്യരെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. പഞ്ചാബിനൊപ്പം ഒരു കിരീടം കൂടി നേടിയാല്‍ അയ്യര്‍ ക്യാപ്റ്റന്‍സിയില്‍ എല്ലാവരെയും മറികടക്കുമെന്നും ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി. ജിയോ സ്റ്റാറിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘എം.എസ് ധോണി, രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊപ്പം ശ്രേയസ് അയ്യരും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണെന്ന് ഞാന്‍ കരുതുന്നു. മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികളെ ഫൈനലില്‍ എത്തിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഓരോ ടീമും വ്യത്യസ്തമാണ്. അവരുടെ സംസ്‌കാരം, മാനസികാവസ്ഥ തുടങ്ങിയ കാര്യങ്ങളെല്ലാം വ്യത്യസ്തമാണ്. ആ കാര്യങ്ങളോട് പൊരുത്തപ്പെടുകയും മികച്ച രീതിയില്‍ നയിക്കുകയെന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.
എം.എസ് ധോണി സി.എസ്.കെക്കൊപ്പം അഞ്ച് കിരീടങ്ങള്‍ നേടി. അദ്ദേഹം മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടിയും കളിച്ചിട്ടില്ലെന്നല്ല. എന്നാല്‍ ഇതാ ശ്രേയസ് അയ്യര്‍ മൂന്ന് ഫ്രാഞ്ചൈസികളെ ഫൈനലില്‍ എത്തിക്കുകയും കൊല്‍ക്കത്തക്ക് വേണ്ടി കിരീടം നേടുകയും ചെയ്തു. പഞ്ചാബിനൊപ്പം ഒരു കിരീടം കൂടി നേടിയാല്‍ അദ്ദേഹം എല്ലാവരെയും മറികടക്കും,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
2026 ഐ.പി.എല്ലിലും ശ്രേയസ് അയ്യരിന്റെ ചിറകിലേറി പഞ്ചാബ് കിങ്‌സ് വീണ്ടും പ്ലേ ഓഫിന്റെ അരികിലെത്തി നില്‍ക്കുകയാണ്. സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ ഒറ്റ മത്സരവും പരാജയപ്പെടാതെയാണ് പഞ്ചാബ് മുന്നേറിയത്.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ആദ്യ ആറ് മത്സരങ്ങളില്‍ ഒറ്റ മത്സരവും പരാജയപ്പെടാതെ മുന്നേറുന്ന ആദ്യ ടീമായി പഞ്ചാബ് മാറിയിരുന്നു. എന്നാല്‍ അവസാനത്തെ മൂന്ന് മത്സരങ്ങളില്‍ പഞ്ചാബ് പരാജയപ്പെട്ടിരിക്കുകയാണ്. പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും ഇനി രണ്ട് വിജയങ്ങള്‍ അനിവാര്യമാണ്.
അതേസമയം നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു. 2024ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് അയ്യരിന്റെ കീഴില്‍ കൊല്‍ക്കത്ത ചാമ്പ്യന്മാരായത്.
കൊല്‍ക്കത്തയ്ക്ക് പുറമെ ദല്‍ഹി ക്യാപിറ്റല്‍സിനെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്താനും അയ്യര്‍ക്ക് സാധിച്ചിരുന്നു. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെകഴിഞ്ഞ സീസണില്‍ ഫൈനലിലേക്ക് നയിക്കാനും അയ്യര്‍ക്ക് സാധിച്ചു. ഇതോടെയാണ് ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസിയെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനായി അയ്യര്‍ മാറിയത്.
2024ല്‍ കിരീടം നേടിക്കൊടുത്ത നായകന്‍ അയ്യരിനെ 2025 മെഗാ ലേലത്തില്‍ കൊല്‍ക്കത്ത കൈവിടുകയായിരുന്നു. പഞ്ചാബ് കിങ്‌സ് 26.75 കോടിക്കാണ് അയ്യരിനെ ലേലത്തില്‍ സ്വന്തമാക്കിയത്. ഇത്തവണ പഞ്ചാബിന് ആദ്യ കിരീടം നേടികൊടുത്താല്‍ ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ചാമ്പ്യന്മാരാക്കുന്ന ആദ്യ ക്യാപ്റ്റനാവാനും അയ്യര്‍ക്ക് സാധിക്കും.
Content Highlight: Irfan Pathan praises Shreyas Iyer captaincy in IPL